അരങ്ങേറ്റത്തിൽ തന്നെ അടിച്ചു ചെണ്ടയാക്കി; മലിംഗക്ക് ശേഷം നാണക്കേടിന്റെ റെക്കോഡിലേക്ക് ഇവനും
Cricket
അരങ്ങേറ്റത്തിൽ തന്നെ അടിച്ചു ചെണ്ടയാക്കി; മലിംഗക്ക് ശേഷം നാണക്കേടിന്റെ റെക്കോഡിലേക്ക് ഇവനും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th March 2024, 9:11 am

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മുംബൈ ബൗളിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് സൗത്ത് ആഫ്രിക്കന്‍ യുവ പേസര്‍ ക്വനാ മഫാക്ക ആയിരുന്നു. നാല് ഓവറില്‍ 66 റണ്‍സാണ് മഫാക്ക വിട്ടുനല്‍കിയത്. 16.50 എക്കോണമിയിലാണ് താരം ബൗള്‍ ചെയ്തത്.

ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് മഫാക്കയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടു നല്‍കുന്ന താരമെന്ന മോശം റെക്കോഡ് ആണ് മഫാക്ക സ്വന്തമാക്കിയത്.

ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് ആയി അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ താരങ്ങള്‍, വിട്ടുനല്‍കിയ റണ്‍സ്, എതിര്‍ ടീം എന്നീ ക്രമത്തില്‍

ക്വനാ മഫാക്ക-66-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ലസിത് മലിംഗ-58-പഞ്ചാബ് കിങ്സ്

ജെറാള്‍ഡ് കോട്ട്‌സീ-57-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡാനിയല്‍ സാംസ്-57-ദല്‍ഹി ക്യാപിറ്റല്‍സ്

ഹര്‍ദിക് പാണ്ഡ്യ-57-പഞ്ചാബ് കിങ്സ്

അതേസമയം ഹൈദരാബാദ് ബാറ്റിങ്ങില്‍ ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സും അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സും ഏയ്ഡന്‍ മര്‍ക്രം 28 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ മുംബൈയും തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. അഹമ്മദാബാദിലാണ് മത്സരം നടക്കുക. മറുഭാഗത്ത് ഏപ്രില്‍ ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Kwena Maphaka create a unwanted record in IPL