ആദ്യ പന്തില്‍ തന്നെ വിക്കറ്റ്, സ്വന്തമാക്കിയത് ചരിത്രനേട്ടം; ഇവനാണ് സൗത്ത് ആഫ്രിക്കയുടെ ഭാവി
Cricket
ആദ്യ പന്തില്‍ തന്നെ വിക്കറ്റ്, സ്വന്തമാക്കിയത് ചരിത്രനേട്ടം; ഇവനാണ് സൗത്ത് ആഫ്രിക്കയുടെ ഭാവി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 6:27 pm

അണ്ടര്‍ 19 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ആദര്‍ശ് സിങ് മുഷീര്‍ ഖാന്‍ എന്നിവരെയാണ് നഷ്ടമായത്. ആദര്‍ശ് സിങ്ങിനെ ആദ്യ പന്തില്‍ തന്നെ മടക്കി ക്വന മഫാക്കയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സൗത്ത് ആഫ്രിക്കന്‍ താരത്തെ തേടിയെത്തിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് മഫാക്ക സ്വന്തമാക്കിയത്. 19 വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കന്‍ താരം സ്വന്തമാക്കിയത്. 2008 അണ്ടര്‍ 19 ലോകകപ്പില്‍ 18 വിക്കറ്റുകള്‍ നേടിയ വെയ്ന്‍ പാര്‍ണലിനെയാണ് മഫാക്ക മറികടന്നത്.

മത്സരത്തില്‍ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് നിരയില്‍ എല്‍ ഹുവെന്‍ഡ്ര 102 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. റിച്ചാര്‍ഡ് സെലെറ്റ്‌സ്വാനെ 64 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇന്ത്യക്കുവേണ്ടി രാജ് ലിംബാനി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഒമ്പത് ഓവറില്‍ 60 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റുകള്‍ നേടിയത്. മുഷീര്‍ ഖാന്‍ 10 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 4.30 എന്ന ഇക്കോണമിയിലാണ് താരം ബൗള്‍ ചെയ്തത്.

ഇന്ത്യന്‍ യുവനിരയിലെ സ്പിന്‍ തന്ത്രത്തില്‍ സൗമി കുമാര്‍ ഒരു വിക്കറ്റും നേടിയിരുന്നു. 10 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് 3.80 എന്ന ഇക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്.

Content Highlight: Kwena Maphaka create a new record.