| Wednesday, 7th February 2024, 6:39 pm

ഇന്ത്യയോട് തോറ്റാലെന്താ; ചരിത്രനേട്ടവുമായാണ് അവൻ ലോകകപ്പിൽ നിന്നും പടിയിറങ്ങുന്നത്

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റ് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു.  തോല്‍വിയോടെ സൗത്ത് ആഫ്രിക്ക ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ക്വേന മഫാക്ക.

സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് ക്വേന മഫാക്ക നടത്തിയത്. പത്ത് ഓവറില്‍ 32 റണ്‍സ് വിട്ടുനല്‍കികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇതിനുപുറമേ ഈ ലോകകപ്പില്‍ ഉടനീളം സൗത്ത് ആഫ്രിക്കക്കായി മികച്ച പ്രകടനമാണ് മാഫാക്ക നടത്തിയത്. അണ്ടര്‍ 19 ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലുമായി 21 വിക്കറ്റുകളാണ് ഈ സൗത്ത് ആഫ്രിക്കന്‍ യുവ താരം സ്വന്തമാക്കിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് മഫാക്ക സ്വന്തമാക്കിയത്.

അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് മഫാക്ക സ്വന്തം പേരിലാക്കി മാറ്റിയത്.

അണ്ടര്‍ 19 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ലാദേശിന്റെ ഇനാമുല്‍ ഹഖ് ജൂനിയറാണ്. 2004ല്‍ നടന്ന ലോകകപ്പില്‍ 22 വിക്കറ്റുകള്‍ ആണ് ബംഗ്ലാദേശ് താരം സ്വന്തമാക്കിയത്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക ഏഴ് ക്രിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സച്ചിന്‍ ദാസ് 96 റണ്‍സും നായകന്‍ ഉദയ് സഹറന്‍ 81 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

രണ്ടാം സെമി ഫൈനലില്‍ ഫെബ്രുവരി എട്ടിന് ഓസ്ട്രേലിയ-പാകിസ്ഥാന്‍ മത്സരം നടക്കും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ ഇന്ത്യ ഫെബ്രുവരി 11ന് നടക്കുന്ന ഫൈനലില്‍ നേരിടും.

Content Highlight: Kwena Maphaka create a new history in Under 19 world cup.

We use cookies to give you the best possible experience. Learn more