| Thursday, 15th February 2018, 1:49 pm

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം; നഴ്‌സുമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യു.എന്‍.എ; സംസ്ഥാന വ്യാപക പണിമുടക്ക് ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു വിഭാഗം നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു.

യു.എന്‍.എയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് ഐക്യദാര്‍ഢ്യവുമായി ചേര്‍ത്തലയിലെത്തിയത്. വേതനവര്‍ധന, ഷിഫ്റ്റ് സമ്പ്രദായം എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 110 നഴ്‌സുമാര്‍ സമരം തുടങ്ങിയത്. ആറുമാസം പിന്നിട്ടിട്ടും ഒത്തുതീരാതെ വന്നതോടെയാണ് സമരം ശക്തമാക്കുന്നത്.

സംസ്ഥാനത്തെ സ്വകാര്യ, സഹകരണ ആശുപത്രികളിലെ നഴ്‌സുമാരാണ് ഇന്ന് പണിമുടക്കി സമരം ചെയ്യുന്നത്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന് കീഴിലുള്ള മുഴുവന്‍ അംഗങ്ങളും പണിമുടക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

അതേസമയം ലക്ഷങ്ങള്‍ കോഴനല്‍കാത്തതുകൊണ്ടാണ് യു.എന്‍.എ പ്രസിഡന്റ് സമരം നീട്ടികൊണ്ടുപോകുന്നതെന്ന് കെ.വി.എം മാനേജ്്‌മെന്റ് ആരോപിച്ചു. സമരക്കാരെ ആരെയും തിരിച്ചെടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാനേജ്‌മെന്റ്.

സമരം രാജ്യവ്യാപകമായി പണംപിരിക്കാനുള്ള തന്ത്രമാണെന്നും സമരത്തിലേര്‍പ്പെട്ട ഒരാളെപോലും തിരിച്ചെടുക്കില്ലെന്നും മാനേജ്്‌മെന്റ് പറയുന്നു.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സ് സമരത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍(യു.എന്‍.എ) യുടെ നേതൃത്വത്തില്‍ നടന്ന ഹൈവേ ഉപരോധത്തിന് നേരെ നടന്ന ലാത്തി ചാര്‍ജില്‍ ഇന്നലെ നിരവധി നഴ്‌സുമാര്‍ക്ക് പരിക്കേറ്റിരുന്നു. സമരത്തില്‍ പങ്കെടുത്ത 132 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം 176 ദിവസം പിന്നിട്ടു. കഴിഞ്ഞ എട്ടാം തീയതി തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തുപുരത്തു നടന്ന ചര്‍ച്ചയില്‍ കെ.വി.എം മാനേജ്മെന്റ് എകപക്ഷിയമായി പിന്‍മാറിയ സാഹചര്യത്തില്‍ യു.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു.

സത്യാഗ്രഹം മുന്നു നാള്‍ പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന ആശുപത്രി മാനേജ്മെന്റിനെതിരെ ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദേ ശീയപാത ഉപരോധിച്ചത്.

സമാധാനമായി സമരം നടത്തിയ നഴ്സുമാരെ ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് മൃഗീയമായാണ് തല്ലിയതെന്ന് യുഎന്‍എ ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

ട്രെയിനികളെന്ന് മുദ്രകുത്തി രണ്ട് നഴ്സുമാരെ അന്യായമായി പുറത്താക്കിയതാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരത്തിനാധാരം.

2013 ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നടപ്പിലാക്കുക, 3 ഷിഫ്റ്റ് സമ്പ്രദായത്തിനും പ്രസവാനുകൂല്യങ്ങളും അനുവദിക്കുക, കൂടാതെ ബോണസ്,ഗ്രാറ്റുവിറ്റി എന്നിവ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം തുടങ്ങിയത്.

We use cookies to give you the best possible experience. Learn more