കണ്ണൂര്‍: കുത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെ.വി വാസു അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവെയാണ് അന്ത്യം.
ശവസംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക് കൂത്തുപറമ്പ് ശാന്തിവനം പൊതുശ്മശാനത്തില്‍ നടക്കും. രാവിലെ മുതല്‍ നരവൂര്‍ വായനശാലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
അദ്ദേഹത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ജീവിതമായിരുന്നു വാസുവിന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ജീവിതമായിരുന്നു കെവി വാസുവിന്റേത്. സിപിഐഎമ്മിന്റെ കൂത്തുപറമ്പ് മേഖലയിലെ പ്രധാന പ്രവര്‍ത്തകനും നേതാവുമായിരുന്ന സഖാവ് വാസുവുമായി ഏറെനാളത്തെ ബന്ധമുണ്ട്. പാര്‍ട്ടി എതിരാളികളില്‍ നിന്ന് ആക്രമണം നേരിടുമ്പോഴും പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ധീരതയോടെ മുന്നില്‍ നിന്ന് ഇടപെടാനുള്ള സന്നദ്ധത സഖാവ് കാണിച്ചിരുന്നു.
കൂത്തുപറമ്പില്‍ 1994 ല്‍ ഉണ്ടായ പോലീസ് വെടിവെപ്പില്‍ മകന്‍ റോഷന്‍ കൊല്ലപ്പെട്ടപ്പോള്‍ സഖാവ് വാസു കാണിച്ച മനസ്സാന്നിധ്യവും രക്തസാക്ഷിയുടെ പിതാവ് എന്ന നിലയില്‍ വരും തലമുറയ്ക്ക് നല്‍കിയ ആത്മ ധൈര്യവും സവിശേഷം ആയിരുന്നു. കൂത്തുപറമ്പില്‍ നിന്ന് പില്‍ക്കാലത്ത് തിരുവനന്തപുരത്ത് എത്തി എകെജി സെന്ററിലും സ. വാസു പ്രവര്‍ത്തിച്ചിട്ടുണ്ട്. അസുഖബാധിതനായ സഖാവിനെ കഴിഞ്ഞ മാസം കൂത്തുപറമ്പിലെ വീട്ടിലെത്തി കണ്ടിരുന്നു. സഖാവ് വാസുവിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.’- മുഖ്യമന്ത്രി കുറിച്ചു.
ഒട്ടേറെ വേദികളില്‍ സജീവസാന്നിധ്യമായിരുന്നു കെ.വി വാസു. എം.വി രാഘവനെതിരെ അദ്ദേഹം എടുത്ത നിലപാടുകള്‍ എല്ലാക്കാലത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുന്‍പ് സി.പി.ഐ.എം നേതാക്കള്‍ പങ്കെടുത്ത എം.വി രാഘവന്‍ അനുസ്മരണ പരിപാടി കണ്ണൂരില്‍ നടക്കുന്നതിനു തൊട്ടുമുമ്പ് വാസു ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ‘എം.വി രാഘവനെ ജീവനുള്ള കാലത്തോളം
കൊലയാളി എന്നു വിളിച്ചുകൊണ്ടിരിക്കും’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
1994-ലുണ്ടായ കൂത്തുപറമ്പ് വെടിവെപ്പില്‍ റോഷന്‍ അടക്കം അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കെ.കെ രാജീവന്‍, കെ. ബാബു, മധു, ഷിബുലാല്‍ എന്നിവരാണ് മറ്റുള്ളവര്‍. നാരായണിയാണ് വാസുവിന്റെ ഭാര്യ.