കോട്ടയം: സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കെ.വി തോമസ് കോണ്‍ഗ്രസ് വിടില്ലെന്നും ഉചിതമായ പദവികളോടെ അദ്ദേഹം പൊതുരംഗത്തുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് കെ.വി തോമസ്. പാര്‍ട്ടിയില്‍ അദ്ദേഹത്തെ ആരും അവഹേളിക്കില്ലെന്നും കെ.വി തോമസിന്റെ സേവനം ഇനിയും പാര്‍ട്ടിയ്ക്ക് ആവശ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്നലെ സീറ്റ് നിഷേധിച്ചതോടെ വളരെ വൈകാരികമായാണ് കെ.വി തോമസ് പ്രതികരിച്ചിരുന്നത്. തനിക്ക് മാന്യമായി പിന്‍മാറാന്‍ പോലും അവസരം നല്‍കിയില്ലെന്നും നേരത്തെ സൂചന നല്‍കിയിരുന്നെങ്കില്‍ സ്വയം പിന്മാറുമായിരുന്നുവെന്നും കെ.വി തോമസ് പ്രതികരിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപത്തിന് മുമ്പ് ചുവരെഴുത്തടക്കം കെ.വി തോമസിന് വേണ്ടി എറണാകുളത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പ്രചാരണം ആരംഭിച്ചിരുന്നു.
ബി.ജെ.പിയിലേക്ക് പോകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കെ.വി തോമസ് വ്യക്തമായ മറുപടി നല്‍കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ.വി തോമസ് ബി.ജെ.പിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായിരുന്നില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്നാണ് കെ.വി തോമസ് ആവര്‍ത്തിച്ചത്.
അതേസമയം കെ.വി തോമസിനെ സോണിയാഗാന്ധി ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഞായറാഴ്ച കെ.വി തോമസിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്.