| Sunday, 17th March 2019, 3:42 pm

'ഞാനൊരു കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്'; ബി.ജെ.പിയിലേക്ക് പോവില്ലെന്ന് കെ.വി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എറണാകുളം സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ്  k.v thകെ.വി തോമസ്. താനൊരു കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്നും എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരായിരുന്നാലും ജയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. അല്‍പ സമയത്തിനകം കെ.വി തോമസ് ചെന്നിത്തലയെ വീണ്ടും കാണും. നാളെ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താന്‍ കെ.വി തോമസ് തീരുമാനിച്ചിട്ടുണ്ട്.

“”ഞാനൊരു കോണ്‍ഗ്രസുകാരനാണ്. 1968ല്‍ കുമ്പളങ്ങിയില്‍ ഏഴാം വാര്‍ഡ് പ്രസിഡന്റായി വന്നയാളാണ്. അവിടെ നിന്നാണ് ഞാന്‍ ഞാനായത്. അതിന് പാര്‍ട്ടിയോട് എനിക്ക് കടപ്പാടുണ്ട്. എനിക്ക് പാര്‍ട്ടിയില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ട്. എന്ന വേദനിപ്പിച്ചതും ക്ഷോഭിപ്പിച്ചതും സ്ഥാനമാനങ്ങളല്ല. എന്നോടുള്ള പെരുമാറ്റം ശരിയായില്ലെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്.

ബി.ജെ.പി ഒന്നും വെച്ച് നീട്ടിയിട്ടില്ല. എല്ലാ പാര്‍ട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. അതിനര്‍ത്ഥം ഞാന്‍ കോണ്‍ഗ്രസുകാരനല്ലെന്നല്ല. എറണാകുളത്ത് നൂറ് ശതമാനം വിജയസാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ കോട്ടയാണ്. ആര് സ്ഥാനാര്‍ത്ഥിയായിരുന്നാലും വിജയിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. പാര്‍ട്ടിയ്ക്കകത്ത് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നയാളാണ് താന്‍. ഇപ്രാവശ്യം മാത്രമാണ് പ്രത്യേക സാഹചര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. രമേശ് ചെന്നിത്തല എന്നെ വീട്ടില്‍ വന്ന് കണ്ടത് കൊണ്ട് തിരിച്ച് കാണേണ്ട മര്യാദയുണ്ട്.”” കെ.വി തോമസ് പറഞ്ഞു

രാവിലെ രമേശ് ചെന്നിത്തല കാണാനെത്തിയപ്പോള്‍ ഒരു ഓഫറും മുന്നോട്ട് വെക്കേണ്ടെന്ന തരത്തില്‍ കടുത്ത നിലപാടാണ് കെ.വി തോമസ് സ്വീകരിച്ചിരുന്നത്. ചെന്നിത്തലയെ കേരളാ ഹൗസിലെത്തി കാണാമെന്നാണ് കെ.വി തോമസ് അറിയിച്ചിരിക്കുന്നത്. പി.സി ചാക്കോയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു.

ഹൈബി ഈഡന്‍ ജയിച്ചാല്‍ അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കാമെന്നും അതല്ലെങ്കില്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമോ എ.ഐ.സി.സിയില്‍ ഭാരവാഹിത്വമോ നല്‍കുമെന്നുമടക്കമുള്ള വാഗ്ദാനങ്ങളാണ് രാവിലെ കെ.വി തോമസിന് മുന്നില്‍ വെച്ചിരുന്നത്.

We use cookies to give you the best possible experience. Learn more