കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് കെ.വി. തോമസ്. ഈ അടുപ്പം കേരളത്തിന് ഗുണം ചെയ്യുമെന്നും മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായതിന് പിന്നാലെയാണ് കെ.വി. തോമസിന്റെ പ്രതികരണം.
‘മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതലുള്ള ബന്ധമാണ്. വ്യവസായി ഗൗതം അദാനിയുമായി 30 വര്‍ഷമായുള്ള അടുപ്പമാണ്. അദാനി ഗ്രൂപ്പിന് കേരളത്തില്‍ ഇനിയും സാധ്യതയുണ്ട്. അതിനായി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നിയമനം കാരണം പാഴ് ചിലവുകള്‍ ഉണ്ടാകില്ല’, എന്നും കെ.വി. തോമസ് അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ കെ.വി. തോമസിന്റെ കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തിന് അംഗീകാരം നല്‍കിയത്. നേരത്തെ എ. സമ്പത്തായിരുന്നു ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായിരുന്നത്.
കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി എട്ട് മാസത്തിനിപ്പുറമാണ് കെ.വി. തോമസിന് സര്‍ക്കാര്‍ ഒരു പദവി നല്‍കുന്നത്.
ഇതിനിടെ കെ.വി. തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍ രംഗത്തുവന്നിരുന്നു.
ദല്‍ഹിയിലെ കാലാവസ്ഥ കെ.വി. തോമസിന് നല്ല ഇഷ്ടമാണെന്നും ഇങ്ങനെയുള്ള നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോണ്‍ഗ്രസിലില്ലെന്നുമാണ് കെ. മുരളീധരന്‍ പ്രതികരിച്ചത്.
”അത് നല്ലതാണ്. അദ്ദേഹം ദല്‍ഹി ക്ലൈമറ്റ് നന്നായി ഇഷ്ടപ്പെടുന്ന ഒരാളാണ്. അങ്ങനെ നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോണ്‍ഗ്രസ് പാര്‍ട്ടിയിലൊന്നുമില്ല. പോകുന്നവരെ കുറിച്ച് ഞാന്‍ ആക്ഷേപമൊന്നും പറയുന്നില്ല. പോകുന്നവര് പൊയ്‌ക്കോട്ടെ.
അതുകൊണ്ട് അവര്‍ക്ക് മാനസികമായി സമാധാനം കിട്ടുമെങ്കില്‍ ഓക്കെ. പക്ഷെ ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമൊന്നുമില്ല. കേരള ഹൗസില്‍ ഒരു റൂമുണ്ടാകും, ശമ്പളമുണ്ടാകും, സുഖമായിട്ടിരിക്കാം,” എന്നാണ് മുരളീധരന്‍ പറഞ്ഞത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള വിലക്കുകള്‍ മറികടന്ന് സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ.വി. തോമസ് പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
അച്ചടക്കലംഘനത്തിന് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രതികരണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായി കെ.വി. തോമസ് സജീവമായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു.
Content Highlight: KV Thomas says good relation with Narendra Modi and Gautam Adani