കൊച്ചി: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. തന്നെ പുറത്താക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് കെ.വി. തോമസ് ആരോപിച്ചു.
2014 മുതല്‍ തന്നെ പുറത്താക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. തന്നെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. തനിക്ക് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമായുള്ളതാണെന്ന് കെ.വി. തോമസ് കുറ്റപ്പെടുത്തി.
തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല, അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലും നടപടിയെടുത്തില്ല. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. എ.ഐ.സി.സി നേതൃത്വത്തിനോട് വിശദീകരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഷോ കോസ് നോട്ടീസ് മാത്രമാണ് കിട്ടിയത്, വിശദീകരണം മെയില്‍ വഴി നല്‍കി, നേരിട്ട് കാര്യം ബോധ്യപ്പെടുത്താന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും കെ.വി. തോമസ് പറഞ്ഞു.
നിലപാടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദേശീയ രാഷ്ട്രീയത്തില്‍ സി.പി.ഐ.എമ്മിനെ ശത്രുവായി കാണേണ്ടതില്ലെന്നും കെ.വി. തോമസ് അയച്ച മെയിലിലുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന വാര്‍റൂമില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്ന് അച്ചടക്ക സമിതി വിലയിരുത്തിയിരുന്നു.
അതേസമയം, തിങ്കളാഴ്ച ഇന്ദിരാഭവനിലാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുക. കെ.വി. തോമസ് ഉള്‍പ്പെടെ 22 പേരാണ് സമിതി അംഗങ്ങള്‍.
21 പേരെയും യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും കെ.വി. തോമസിനെ ഒഴിവാക്കുകുകയായിരുന്നു. എ.ഐ.സി.സി നേതൃത്വം ഇതു വരെ കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.
Content Highlights: KV Thomas says against K Sudhakaran and Congress