കൊച്ചി: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സി.പി.ഐ.എം കാണിക്കുന്ന ടീം വര്‍ക്ക് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. കോണ്‍ഗ്രസിന് ഏകാധിപിത്യ പ്രവണതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്നും കെ.വി. തോമസ് പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതകരണം.
‘എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണ്. എല്‍.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണം,’ കെ.വി. തോമസ് പറഞ്ഞു.
ബി.ജെ.പിയുടെ എ.എന്‍. രാധകൃഷ്ണന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികളിലേക്ക് കൂടി അടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നു കെ.വി. തോമസ് പറഞ്ഞു.
ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള പ്രചരണങ്ങളെ കെ.വി. തോമസ് തള്ളി. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ വോട്ടറുമാരാണ് നഗരത്തിലുള്ളത്. വര്‍ഗീയമായ വിഷയങ്ങളിലല്ല അവര്‍ക്ക് താല്‍പര്യം. വോട്ടിനുവേണ്ടേി വികസനത്തെ തകര്‍ക്കരുതെന്നും കെ.വി. തോമസ് വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റേഷന്‍, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ഉമാ തോമസിനൊപ്പം പത്രിക സമര്‍പ്പിക്കാനുണ്ടാകും. മന്ത്രി പി. രാജീവ്, എം. സ്വരാജ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ എന്നിവര്‍ക്കൊപ്പമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് എത്തുക.
CONTENT HIGHLIGHTS: KV Thomas sayas Authoritarian tendencies in Congress