| Thursday, 7th April 2022, 11:14 am

സി.പി.ഐ.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കും; വിലക്ക് ലംഘിച്ച് കെ.വി. തോമസ് കണ്ണൂരിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നുറപ്പിച്ച് കെ.വി. തോമസ്. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്ന് കെ.വി. തോമസ് പറഞ്ഞു.

”സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നത്.

മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണിത്ര വിരോധം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ശരിയാണോ, കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് ഞാന്‍. നൂലില്‍ കെട്ടി വന്നയാളൊന്നുമല്ല,

ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളച്ചയാളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്, ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം.

സ്റ്റാലിൻ പങ്കെടുക്കുന്ന അതേ സെമിനാറിലാണ് താൻ പങ്കെടുക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ ഭരണ രീതിയിൽ ഒരുപാട് മാറ്റം ഇക്കാലയളവിൽ വന്നിട്ടുണ്ട്. റെയിൽവേ ബജറ്റടക്കം ഇല്ലാതാക്കുന്ന അവസ്ഥയുണ്ടായി. ഇത്രയും നിർണായക സാഹചര്യത്തിൽ കേന്ദ്രത്തെ എതിർക്കാനുള്ള അവസരത്തിൽ എന്തിന് ഇങ്ങനെ വിദ്വേഷം എന്ന് ഞാൻ ചോദിച്ചു.

2018 ഡിസംബറിനു ശേഷം രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വർഷം ഞാൻ കാത്തിരുന്നു. പാർലമെന്റിൽ പോകാനല്ല, അർഹമായ പരി​ഗണന പാർട്ടി എനിക്ക് തരും എന്ന് ഞാൻ കരുതി. ഏഴ് വട്ടം ജയിച്ചത് എൻ്റെ തെറ്റല്ല,  പിന്നെ തോൽക്കുന്നതാണോ തെറ്റ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോറ്റെന്ന പേരിലാണ് ചിലർക്ക് ആ സീറ്റ് നിഷേധിച്ചത്. പിന്നീട് കെ.പി.സി.സി വ‍ർക്കിം​ഗ് പ്രസിഡൻ്റാക്കി. നാല് മാസം കൊണ്ട് എന്നെ മാറ്റി. പിന്നീട് എനിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിലേക്കാണ്. അതിലേക്ക് ഞാൻ പോകും. ഞാന്‍ എ.ഐ.സി.സി അംഗമാണ്, എന്നെ പുറത്താക്കാന്‍ കേന്ദ്ര നേതൃത്വത്തിനെ കഴിയൂ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഞാനുണ്ടാകും,” അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരുമെന്നാണ് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിലക്ക് ലംഘിച്ച് കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കിന്നില്ലെന്നാണ് കരുതുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

പുറത്ത് പോകാനുള്ള മനസുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂ. അല്ലെങ്കില്‍ പങ്കെടുക്കില്ലല്ലോ. പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനം എടുത്താലേ പരിപാടിയില്‍ പങ്കെടുക്കൂ. അദ്ദേഹം പങ്കെടുക്കില്ലെന്നാണ് എന്റെ തിരിച്ചറിവും ഊഹവും. എം.വി. ജയരാജന് എന്തും പറയാം, ഞങ്ങള്‍ക്കവിടെ പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാവില്ലെന്ന് സി.പി.ഐ.എം നേതൃത്വവും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് ദുഖിക്കേണ്ടി വരില്ലെന്നാണ് എം.എ. ബേബി നടത്തിയ പ്രതികരണം. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ കെ.വി. തോമസിനെ സി.പി.ഐ.എം സംരക്ഷിക്കും എന്ന സൂചനകൂടിയാണ് എം.എ. ബേബി നല്‍കുന്നത്. സി.പി.ഐ.എമ്മിനോട് സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം എന്നും എം.എ. ബേബി വ്യക്തമാക്കി.

Content Highlights: KV Thomas said he will attend CPIM party seminar

We use cookies to give you the best possible experience. Learn more