കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരിഹാസവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. തലമുറമാറ്റമല്ല, തലമാറ്റം മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്. ഹൈക്കമാന്‍ഡിനെ ഭയന്നിട്ടാണ് കേരളത്തിലെ നേതാക്കള്‍ തരൂരിനെ പിന്തുണയ്ക്കാത്തതെന്നും കെ.വി. തോമസ് പറഞ്ഞു.
‘തരൂര്‍ നല്ല സ്ഥാനാര്‍ത്ഥിയാണ്. ഹൈക്കമാന്‍ഡും നെഹ്റു കുടുംബവും പിന്തുണക്കുന്നത് ഖാര്‍ഗെയെ ആണെന്ന് വെച്ചാല്‍, അദ്ദേഹത്തിനേ വോട്ട് പോവുകയുള്ളൂ.
എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ 73 വയസാണ്. അന്ന് 53 എം.പിമാര്‍ ജയിച്ചവര്‍ ഉണ്ട്. അതില്‍ എനിക്ക് മാത്രമാണ് സീറ്റ് നിഷേധിച്ചത്. സീറ്റ് കൊടുത്തവരില്‍ തന്നെ എന്നേക്കാള്‍ പ്രായമുള്ളവരുണ്ട്. പ്രായമൊരു ഘടകമായി എനിക്ക് തോന്നിയിട്ടില്ല, പിന്നീടും. ഓരോരുത്തര്‍ക്കും സൗകര്യത്തിന് ഓരോ മാനദണ്ഡമുണ്ടാക്കുന്നു.’ കെ.വി. തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂരിനെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് കെ.വി. തോമസിന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയാണ്.
അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ കെ.പി.സി.സി നേതൃത്വം പരസ്യമായി തന്നെ രംഗത്തുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ തുടങ്ങിയവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു.
ഖാര്‍ഗെയുടെ അനുഭവ സമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഉചിതമെന്നാണ് നേതാക്കളുടെ പൊതുനിലപാട്. തരൂരിന് പാര്‍ട്ടിയില്‍ പ്രവര്‍ത്തനപരിചയം കുറവാണെന്നതടക്കമുള്ള വാദങ്ങളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
എം.കെ. രാഘവന്‍ എം.പി, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവ് എന്‍.കെ. അബ്ദുറഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍ കിടാവ് തുടങ്ങിയ കേരളത്തിലെ ചുരുക്കം മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് തരൂരിന് പിന്തുണയുമായി ഇതുവരെ എത്തിയിട്ടുള്ളത്.
Content Highlight: KV Thomas’s Reaction about AICC President Election