| Wednesday, 11th May 2022, 11:55 am

പുറത്താക്കുമെങ്കില്‍ അവര്‍ പുറത്താക്കട്ടെ; ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും; തന്നെ കാണുന്നതില്‍ നിന്ന് ഉമ തോമസിനെ വിലക്കുന്നു: കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. പത്രസമ്മേളനത്തിലൂടെയായിരുന്നു പ്രതികരണം.

”നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരും.

എന്റെ തെരഞ്ഞെടുപ്പില്‍ ഞാനെങ്ങനെ പ്രചരണത്തിനിറങ്ങിയോ അതുപോലെയായിരിക്കും ഡോ. ജോ ജോസഫിന്റെ പ്രചരണത്തിലും പങ്കാളിയാകുക,” കെ.വി. തോമസ്.

താന്‍ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും ഈ തെരഞ്ഞെടുപ്പ് വികസനോന്മുഖമായ തീരുമാനങ്ങളുടേതാണെന്നും കെ.വി. തോമസ് പറഞ്ഞു.

തന്നെ പുറത്താക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ അവര്‍ പുറത്താക്കട്ടെയെന്നും കെ.വി. തോമസ് പറഞ്ഞു.

”അവര്‍ക്ക് പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കിക്കോട്ടെ. പാര്‍ട്ടി പുറത്താക്കട്ടെ. പുറത്താക്കണ്ട എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.

2018 മുതല്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അറ്റാക്ക് ഇവിടെ നടക്കുന്നുണ്ട്.

കണ്ണൂരില്‍ സെമിനാറില്‍ പങ്കെടുത്താല്‍ കണ്ണൂരിന്റെ മണ്ണില്‍ കാല് ചവിട്ടിയാല്‍ അപ്പൊ പുറത്ത് എന്ന് പറഞ്ഞു, എന്നിട്ട് നടന്നോ?,” അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസുമായി കൂടിക്കാഴ്ച നടത്താതിരിക്കുന്നതിനെക്കുറിച്ചും കെ.വി തോമസ് പറഞ്ഞു.

”ഇവിടെ തെരഞ്ഞെടുപ്പ് വരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നു. എന്നോടാരും പറഞ്ഞില്ല. കല്യാണമായിട്ടാണോ മറ്റുള്ളവര്‍ പങ്കെടുത്തത്.

സ്ഥാനാര്‍ത്ഥിത്വം കിട്ടിയ അപ്പോള്‍ തന്നെ ഉമ വിളിച്ചു. എന്റെ ഭാര്യയാണ് ഫോണ്‍ എടുത്തത്. ഞങ്ങള്‍ അങ്ങോട്ട് വരാം എന്ന് പറഞ്ഞു. പിന്നീട് ഞാന്‍ അങ്ങോട്ടും പോകണ്ട അവര്‍ ഇങ്ങോട്ടും വരുന്നില്ല എന്ന് പറഞ്ഞു. അപ്പൊ ഞാന്‍ എന്താ ചെയ്യേണ്ടത്.

ആരെങ്കിലും ഉമയെ വിലക്കുകയായിരിക്കണമല്ലോ. ഉമ തന്നെ എന്നെ കാണാന്‍ വരാന്‍ പറ്റില്ല എന്ന് പറഞ്ഞല്ലോ,” കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: KV Thomas press meet, says he will work for Left Candidate Jo Joseph in election campaign

We use cookies to give you the best possible experience. Learn more