| Tuesday, 24th September 2019, 11:00 am

സോണിയക്ക് പിന്നാലെ രാഹൂല്‍ ഗാന്ധിയുമായും കൂടികാഴ്ച്ച; എറണാകുളം സീറ്റില്‍ അവകാശവാദവുമായി കെ.വി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം നിയമസഭാ സീറ്റില്‍ അവകാശവാദവുമായി കെ വി തോമസ്. കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റിയല്ല, രാഷ്ട്രീയ ചര്‍ച്ചകളാണ് നടന്നതെന്നായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും കെ.വി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും.
എന്നാല്‍ എറണാകുളത്ത് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദിനെ മുന്‍നിര്‍ത്തിയാണ് ഹൈബി ഈഡന്‍ കരുക്കള്‍ നീക്കുന്നത്. വിനോദിനെ മാറ്റി തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനാണ് കെ.വി തോമസ് ദല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതെന്നാണ് വിലയിരുത്തല്‍.ഐ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ ടി.ജെ വിനോദിനാണ് കൂടുതല്‍ സാധ്യത.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് കെ.വി തോമസിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നു.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നായിരുന്നു കെ.വി.തോമസിന്റെ നിലപാട്. ‘നിരവധി നേതാക്കള്‍ക്ക് സ്ഥാനമോഹങ്ങള്‍ ഉണ്ടാകാം. എന്നാല്‍ എറണാകുളത്തെ ജയസാധ്യതയ്ക്കാകണം പ്രഥമ പരിഗണന. പരിചയസമ്പത്തും പരിഗണിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും പാര്‍ട്ടിയുമായി നിലവില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും’ ആയിരുന്നു കെ.വി തോമസ് പറഞ്ഞത്.

നിലവില്‍ പി.ടി.തോമസ് എം.എല്‍.എയ്‌ക്കൊപ്പം കെ.വി.തോമസിനും അരൂര്‍ മണ്ഡലത്തിന്റെ ചുമതലയുണ്ട്.

We use cookies to give you the best possible experience. Learn more