| Monday, 2nd August 2021, 11:11 am

തോല്‍ക്കുന്ന സീറ്റിലെങ്കിലും മത്സരിപ്പിക്കണമെന്ന് പറഞ്ഞു, കേട്ടില്ല; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തന്നെ പരിഗണിച്ചില്ലെന്ന് കെ.വി. തോമസ് പറഞ്ഞു.

‘യു.ഡി.എഫ് തോല്‍ക്കാന്‍ സാധ്യതയുള്ള സീറ്റെങ്കിലും ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള അഞ്ച് സീറ്റ് ചൂണ്ടിക്കാണിക്കാം അതിലൊന്നില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നേതൃത്വത്തില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ല,’ കെ.വി. തോമസ് പറഞ്ഞു.

തന്റെ അനുഭവ സമ്പത്തും സംഭാവനകളും പരിഗണിക്കാതെ അപമാനിക്കുകയായിരുന്നുവെന്നും കെ.വി. തോമസ് കൂട്ടിചേര്‍ത്തു. പരിചയസമ്പന്നരെയെല്ലാം മാറ്റി നിര്‍ത്തി ഒരു പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ആഴ്ച കെ.വി. തോമസ് സി.പി.ഐ.എം ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുമായി തോമസ് ചര്‍ച്ച നടത്തിയിരുന്നു.

കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. എന്നാല്‍ തീര്‍ത്തും സ്വാഭാവികമായ കൂടിക്കാഴ്ചയായിരുന്നുവെന്നാണ് കെ.വി. തോമസിന്റെ പ്രതികരണം.

‘ഞാനും യെച്ചൂരിയുമായി ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. രണ്ടുമാസം മുന്‍പ് ഞാന്‍ ഇവിടെ എത്തിയിരുന്നു. പിന്നീട് യെച്ചൂരി എന്നെയും വന്ന് കണ്ടിരുന്നു. ഇന്നത്തേത് നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു,’ കെ.വി. തോമസ് പറഞ്ഞു.

യെച്ചൂരിയെ കാണാനാണ് വന്നതെന്നും വന്നപ്പോള്‍ പ്രകാശ് കാരാട്ടിനെയും കണ്ടെന്നേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കഥകളുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തഴയപ്പെട്ട സാഹചര്യത്തില്‍ കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു

കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ആക്കണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും പരിഗണിച്ചിരുന്നില്ല.

ജൂണില്‍ യെച്ചൂരിയെക്കൂടാതെ സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയുമായും കെ.വി. തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KV Thomas Hits Congress Kerala Election 2021

We use cookies to give you the best possible experience. Learn more