| Friday, 29th April 2022, 1:28 pm

കോണ്‍ഗ്രസുകാരനായി തുടരും; കെ റെയില്‍ വേണം: കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. കെ റെയിലിനെ അന്ധമായി എതിര്‍ക്കരുതെന്നും വികസന പദ്ധതികള്‍ക്കൊപ്പമാണ് താനെന്നും കെ.വി. തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താന്‍ എട്ട് മണിക്കൂറാണ് എടുത്തത്. അത് ഗുണകരമാണോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11ന് താരിഖ് അന്‍വറിന്റെ സന്ദേശം ലഭിച്ചു. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ നിന്നുമാണ് മാറ്റിയത്. എ.ഐ.സി.സി അംഗത്വങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ല. ഇവ രണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണ്. കെ റെയില്‍ വേണമെന്നും തോമസ് പറഞ്ഞു.

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമോ എന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല, പ്രചരണത്തിന് വിളിക്കുമോ എന്ന് നോക്കാം, ഇതുവരെ വിളിച്ചിട്ടില്ല. മുന്‍ തെരഞ്ഞെടുപ്പുകളിലും വിളിച്ച അനുഭവം ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടില്ല. ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ എന്നും കെ.വി. തോമസ് പ്രതികരിച്ചു.

വികസനത്തോടൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. അതില്‍ അനാവശ്യ രാഷ്ട്രീയമില്ല. അതുകൊണ്ടാണ് കെ റെയിലിനെ അന്ധമായി എതിര്‍ക്കരുത് എന്ന് പറഞ്ഞത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പഠിച്ച് അതിന് പരിഹാരമുണ്ടാക്കണമെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എക്‌സിക്യൂട്ടീവ് അംഗം എന്ന ചുമതലയില്‍ നിന്നും കെ.വി. തോമസിനെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

CONTENT HIGHLIGHTS:   KV Thomas has reiterated that he will continue to be a Congressman

Latest Stories

We use cookies to give you the best possible experience. Learn more