കൊവിഡ് വാക്സിനേഷന്‍; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്
Kerala News
കൊവിഡ് വാക്സിനേഷന്‍; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 9:43 am

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. വാക്‌സിനേഷനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഗൗരവമായ പഠനം വേണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് കെ.വി. തോമസ് ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധി കത്തയക്കുകയായിരുന്നു. വാക്‌സിനേഷന് പിന്നാലെ കെ.വി. തോമസിന്റെ പങ്കാളിയായ ഷേര്‍ലി മരണപ്പെട്ടിരുന്നു. ഈ വിവരവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘വാക്‌സിനേഷനെ തുടര്‍ന്ന് പങ്കാളിയ്ക്ക് കിഡ്‌നിക്കും ഹൃദയത്തിനും തകരാര് സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ മരിക്കുകയും ചെയ്തു,’ എന്നാണ് കെ.വി. തോമസ് നരേന്ദ്ര മോദിയെ അറിയിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതുവരെ പങ്കാളി ആരോഗ്യവതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കുണ്ടായതിന് സമാനമായ വേദനകള്‍ നമുക്ക് ചുറ്റുമുള്ള ഒരുപാട് പേര്‍ക്കുണ്ടായിട്ടുണ്ടെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു. വാക്സിനേഷനെ തുടര്‍ന്ന് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് കെ.വി. തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കൊവിഡിനെ കൈകാര്യം ചെയ്തതിലും അന്വേഷണം വേണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു.

നേരത്തെ  ഗുരുതരമായ രീതിയില്‍ കൊവിഡ് രോഗം ബാധിച്ചവര്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അമിതമായി പ്രയത്‌നിക്കരുതെന്ന് മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തേക്ക് കഠിനമായ വര്‍ക്ക്ഔട്ടുകള്‍, ഓട്ടം, വ്യായാമം എന്നിവ ഒഴിവാക്കണമെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. ഐ.സി.എം.ആറിന്റെ പഠനം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

അതേസമയം 2021ല്‍ വാക്സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് മരണനിരക്ക് കൂടുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയിരുന്നു. കൊവിഡ് വാക്സിനേഷന് ശേഷം ‘അവിശ്വസീനയമായ മരണ’ങ്ങള്‍ കൂടിയെന്ന മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വ്സിന്റെ ഹരജിയാണ് കോടതി തള്ളിയത്.

വാക്സിന്‍ സ്വീകരിച്ച ആളുകളെ നിരീക്ഷിക്കുന്നതിനും വാക്സിനേഷന് 30 ദിവസത്തിന് ശേഷം മരണപ്പെടുകയോ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയോ ചെയ്ത സംഭവങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

രാജ്യത്ത് വാക്സിന്‍ സ്വീകരിച്ച ശേഷം 900 പേര്‍ മരണപ്പെട്ടുവെന്ന് അഭിഭാഷകന്‍ ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വാക്‌സിനേഷന് ശേഷമുള്ള എല്ലാ മരണങ്ങളേയും വാക്‌സിന്‍ കാരണമാണെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നും അത്തരം മരണങ്ങളും വാക്‌സിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് കോടതി പറഞ്ഞത്.

Content Highlight: KV Thomas has demanded a comprehensive investigation into the covid vaccination