കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Kerala News
കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th May 2022, 10:13 pm

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി. എ.ഐ.സി.സി.യുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു.

വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ കെ.വി. തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി.

തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കെ.വി. തോമസിന്റെ പിന്തുണ ആർക്കെന്നത് സംബന്ധിച്ച ചർച്ചകൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചത്. ഇതിന് പിന്നാലെ കോൺ​ഗ്രസിൽ കെ.വി തോമസിനെതിരെ വലിയ രീതിയിൽ വിമർശനങ്ങളുയർന്നിരുന്നു.

എന്റെ തെരഞ്ഞെടുപ്പിൽ ഞാനെങ്ങനെ പ്രചരണത്തിനിറങ്ങിയോ അതുപോലെയായിരിക്കും ഡോ. ജോ ജോസഫിന്റെ പ്രചരണത്തിലും പങ്കാളിയാകുകയെന്നും താൻ ഒരു കോൺഗ്രസുകാരൻ തന്നെയാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ ചെയ്യട്ടെയെന്നും 2018 മുതൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള അറ്റാക്ക് ഇവിടെ നടക്കുന്നുണ്ടെന്നും കെ.വി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

പുറത്താക്കാൻ മാത്രം പ്രാധാന്യം കെ.വി. തോമസിന് കൊടുത്തിട്ടില്ലെന്നായിരുന്നു സംഭവത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ വാദം. സി.പി.ഐ.എമ്മിന് വേണ്ടി പ്രവർത്തിക്കും, കോൺഗ്രസുകാരനായി തുടരും എന്ന് പറയുന്നത് ഒന്നൊന്നര തമാശയാണെന്നായിരുന്നു രാജ്യസഭാ എം.പിയും എ.ഐ.സി.സി അംഗവുമായ കെ.സി വേണുഗോപാലിന്റെ പ്രതികരണം.

Content Highlight: KV Thomas expelled from party