|

ലോക്‌സഭയിലെ പിണക്കം മാറ്റാന്‍ കെ.വി തോമസിന് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് പദവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. വ്യാഴാഴ്ചയാണ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായി നിയമിക്കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചത്. അതേസമയം അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്ന് കെ.വി തോമസ് പ്രതികരിച്ചു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന കെ.വി തോമസ് ജനുവരിയില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, താരീഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ ഇന്ദിരാ ഭവനിലെത്തി കണ്ടിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു കെ.വി തോമസ് പരസ്യമായി വിയോജിപ്പ് അറിയിച്ച് മുന്നോട്ടുവന്നത്. സീനിയോരിറ്റി കണക്കിലെടുത്തില്ലെന്ന വിമര്‍ശനമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. കെ.വി തോമസിന് പ്രസിഡന്റ് പദവി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

1977ല്‍ മുതല്‍ കെ.പി.സി.സി അംഗമാണ് കെ.വി തോമസ്. 1984ലാണ് കെ.വി.തോമസിന് എ.ഐ.സി.സി അംഗത്വം ലഭിക്കുന്നത്. എറണാകുളം ഡി.സി.സിയുടെ പ്രസിഡന്റുമായിരുന്നു കെ.വി തോമസ്. 2009 മുതല്‍ 2014 വരെ കേന്ദ്ര ക്യാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: KV Thomas Elected as KPCC Working President