| Saturday, 23rd January 2021, 11:21 am

ഇതിനൊക്കെ ഒരു മര്യാദയുണ്ട്, നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തയ്ക്ക് ഞാന്‍ മറുപടി പറയണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല; മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് കെ.വി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തയ്ക്ക് ഞാന്‍ മറുപടി പറയണമെന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല എന്നായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്.

‘എന്റെ പിറകെ കൂടിയിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ തന്നെ വാര്‍ത്തയുണ്ടാക്കി നിങ്ങള്‍ തന്നെ കൊടുക്കണ്ട. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞോളാം’, കെ.വി തോമസ് പറഞ്ഞു.

അനുനയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന്, ‘സുഹൃത്തക്കളേ ഇങ്ങനെ ചോദിക്കരുത്. ഇതിനൊക്കെ ഒരു മര്യാദയുണ്ട്. നിങ്ങള്‍ തന്നെ ഉണ്ടാക്കുന്ന വാര്‍ത്തയ്ക്ക് ഞാന്‍ മറുപടി പറയുന്നത് നടക്കുന്ന കാര്യമല്ല. അത്രയും വിചാരിച്ചാല്‍ മതി’, എന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം.

കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെ.വി തോമസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കായിട്ടാണ് തിരുവനന്തപുരത്ത് എത്തിയത്. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരുവനന്തപുരത്തേക്ക് എത്തിയ കെ.വി തോമസ് ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

ഇന്ന് പതിനൊന്ന് മണിക്ക് നിര്‍ണായക വാര്‍ത്താ സമ്മേളനം നടത്തുമെന്ന നിലപാടില്‍ മലക്കം മറിഞ്ഞാണ് കെ.വി തോമസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്. മാഡം പറഞ്ഞാല്‍ മറിച്ചൊന്നും പറയാറില്ലെന്ന നിലപാട് പരസ്യമായി പറഞ്ഞ കെ.വി തോമസ് പാര്‍ട്ടി നേതൃത്വത്തെ കണ്ട് പരാതി പറയുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ എതിര്‍ പ്രചാരണത്തിന് പിന്നിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലരുണ്ടെന്ന പരാതിയാണ് കെ.വി തോമസിനുള്ളത്.

അതേസമയം കെ.വി തോമസിന് സ്ഥാനമാനങ്ങള്‍ നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നാണ് അറിയുന്നത്. സോണിയാ ഗാന്ധി നേരിട്ട് കെ.വി തോമസിനെ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും കെ.വി തോമസുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികള്‍ കൂടി മുന്നോട്ട് വച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. ഹൈക്കമാന്റ് പ്രതിനിധികളായ അശോക് ഗെലോട്ടും ജി. പരമേശ്വരയും അടക്കമുള്ളവര്‍ ഇതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KV Thomas Criticise Medias

Latest Stories

We use cookies to give you the best possible experience. Learn more