| Saturday, 19th March 2022, 11:04 am

'അഭിനന്ദനങ്ങള്‍ ജെബി'; ജെബി മേത്തറിന് ആശംസകളറിയിച്ച് കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത ജെബി മേത്തറിന് ആശംസകളറിയിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. ഫേസ്ബുക്കിലൂടെയാണ് കെ.വി. തോമസ് ആശംസകളറിയിച്ചത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച ജെബി മേത്തറിന്റെ ഫോട്ടോക്ക് ക്യാപ്ഷനായി അഭിനന്ദനങ്ങള്‍ ജെബി എന്നാണ് കെ.വി.തോമസ് കുറിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.

രാജ്യസഭാ സീറ്റിലേക്ക് ഹൈക്കമാന്റ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഒഴിവാക്കി മൂന്നംഗ പാനല്‍ ഹൈക്കമാന്റിന് കെ.പി.സി.സി കൈമാറിയിരുന്നു.

ഇതില്‍ ജെബി മേത്തറിന്റെ പേരിനാണ് ഹൈക്കമാന്റ് അംഗീകാരം നല്‍കിയത്. വനിത, യുവ, ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്കുവീണത്. 1980 ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു വിനിതയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്.

രാജ്യസഭാ സീറ്റിന് വേണ്ടി കെ.വി. തോമസ് എ.ഐ.സി.സി ആസ്ഥാനത്തെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റില്‍ ഇത്തവണ എ.കെ. ആന്റണി ഇല്ല എന്ന് വ്യക്തമായതോടെയാണ് കെ.വി. തോമസ് ആഗ്രഹം പ്രകടിപ്പിച്ചത്.

എന്നാല്‍ മുസ്‌ലിം പ്രാതിനിധ്യം എന്ന ഘടകം കൂടിയാണ് ജെബി മേത്തറിന് അനുകൂലമായത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഒരു വനിത വരുന്നത്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവായ കെ.എം.ഐ. മേത്തറുടെ മകളും, മുന്‍ കെ.പി.സി.സി പ്രസിഡണ്ട് ടി.ഒ. ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തര്‍.


Content Highlights: KV Thomas Congratulates to Jeby Mather

We use cookies to give you the best possible experience. Learn more