| Friday, 14th July 2023, 12:05 pm

വികസനത്തില്‍ അമിത രാഷ്ട്രീയം കൊണ്ടു വരേണ്ടതില്ല; കോണ്‍ഗ്രസ് കാത്തിരുന്ന് കാണൂ: കെ.വി. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വികസന കാര്യങ്ങളില്‍ അമിത രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്ന് ന്യൂദല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധി കെ.വി തോമസ്. വികസനത്തില്‍ ഒന്നിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

‘ഇ. ശ്രീധരന്റെ രാഷ്ട്രീയം അവിടെ നില്‍ക്കട്ടെ, അദ്ദേഹത്തിന്റെ കഴിവ് നിഷേധിക്കാനാകില്ല. കെ-റെയിലിനെ പറ്റി മുഖ്യമന്ത്രി പരിശോധിച്ച ശേഷം സര്‍ക്കാര്‍ അഭിപ്രായം പറയും. കോണ്‍ഗ്രസ് ഇതെല്ലാം കാത്തിരുന്ന് കണ്ടോളൂ, എന്നിട്ട് കാര്യങ്ങള്‍ പഠിക്കൂ,’ കെ.വി. തോമസ് പറഞ്ഞു.

കേരളത്തില്‍ ഏത് പ്രൊജക്ട് വന്നാലും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും കൊച്ചിന്‍ എയര്‍പോര്‍ട്ട് വന്നപ്പോഴും എതിര്‍പ്പുകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ഏത് പ്രൊജക്ട് വന്നാലും എതിര്‍പ്പുണ്ടാകും, അത് പുതിയ സംഭവങ്ങളല്ല. കൊച്ചിന്‍ എയര്‍പോര്‍ട്ട് വന്നപ്പോള്‍ ശക്തമായി എതിര്‍ത്തു. വൈപ്പിന്‍ എറണാകുളം പാലം വന്നപ്പോഴും എതിര്‍ത്തു. ഏത് പ്രൊജക്ട് വന്നാലും എതിര്‍പ്പുണ്ടാകും. മെട്രോ വന്നപ്പോള്‍ എം.ജി റോഡിലെ കച്ചവടക്കാരൊക്കെ എതിര്‍ത്തിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞ് കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ പിന്തുണ ഉണ്ടാകും,’ കെ.വി. തോമസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മുഖ്യമന്ത്രിക്ക് ഒരു നിലപാട് ഉണ്ടെന്നും അതിനുള്ളില്‍ നിന്നുകൊണ്ട് ഏതെല്ലാം രീതിയിലുള്ള സഹകരണങ്ങള്‍ നടത്താമെന്ന് അദ്ദേഹം തീരുമാനം എടുക്കുമെന്നും കെ.വി. തോമസ് പറഞ്ഞു.

‘മുഖ്യമന്ത്രി എടുത്ത ഒരു നിലപാടുണ്ട്, അദ്ദേഹത്തിന് ഒരു ആശയമുണ്ട്, ശ്രീധരന് ഒരു ആശയമുണ്ട്. പക്ഷെ നമ്മള്‍ നില്‍ക്കുന്നത് ഹൈസ്പീഡ് റെയില്‍വേ സിസ്റ്റം വേണമെന്ന ആവശ്യത്തിലാണ്. ഫൈനലായി തീരുമാനം എടുക്കുന്നത് കേരളം തന്നെയാണ്. ശ്രീധരനെ ഞങ്ങള്‍ കാണുന്നത് ഒരു രാഷ്ട്രീയക്കാരനായിട്ടല്ല. കെ. കരുണാകരന്റെ കാലഘട്ടത്തിലാണ് കൊങ്കണ്‍ റെയില്‍വേ വരുന്നത്, അന്ന് ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്, അത് ശ്രീധരന്റെ പ്രൊജക്ട് ആയത് കൊണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലഘട്ടത്തില്‍ മെട്രോ വന്നു, അന്ന് ഞങ്ങളെല്ലാം ശ്രീധരന്‍ വേണമെന്ന് പറഞ്ഞു. അന്ന് ശ്രീധരനെ മാറ്റണമെന്ന ഒരു കാഴ്ചപ്പാടുണ്ടായിരുന്നു, പക്ഷെ ഞങ്ങള്‍ അദ്ദേഹം വേണമെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒരു നിലപാടുണ്ട് അതിനുള്ളില്‍ നിന്നുകൊണ്ട് എന്തെല്ലാം സഹകരണങ്ങള്‍ നടത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും,’ കെ.വി. തോമസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Content Highlight: KV Thomas about K Rail project

We use cookies to give you the best possible experience. Learn more