മോദിയുടെ പൊലീസ് വെടിവെച്ചാല്‍ ആദ്യം ആര് കൊള്ളണമെന്ന് പോലും തീരുമാനിച്ചാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്
Discourse
മോദിയുടെ പൊലീസ് വെടിവെച്ചാല്‍ ആദ്യം ആര് കൊള്ളണമെന്ന് പോലും തീരുമാനിച്ചാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്
കെ.വി. ബിജു
Sunday, 13th December 2020, 5:39 pm
ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കോര്‍ഡിനേറ്ററും മലയാളിയുമായ കെ.വി ബിജു സംസാരിക്കുന്നു

കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണന്നത് പകല്‍ പോലെ വ്യക്തമാണ്. എല്ലാ കാര്യങ്ങളിലും മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നത്. കാര്‍ഷികനിയമം കൊണ്ട് കര്‍ഷകര്‍ക്ക് ഗുണമേ ഉള്ളുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് കൃത്യമായ മറുപടി കര്‍ഷകര്‍ ഇതിനകം കൊടുത്തുകഴിഞ്ഞു. ഇപ്പോഴും ഓരോ ചര്‍ച്ചയിലും അതു തന്നെയാണ് ചെയ്യുന്നത്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തതിന് കാരണം മോദിയുടെ അഹങ്കാരം മാത്രമാണ്.

സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നത് കൂടിയാണ് ഈ നിയമം. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായി ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍ കൊറോണയുടെ സമയം കൂടി നോക്കി കര്‍ഷകവിരുദ്ധമായ നടപടിയില്‍ ഏര്‍പ്പെട്ടതാണ്.

പുതിയ നിയമം വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും എവിടെ വേണമെങ്കിലും കൊണ്ടുപോയി ഉത്പന്നം വില്‍ക്കാമെന്നുമാണ്
കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് പുതിയ നിയമത്തില്‍ വന്ന ഒരു കാര്യമല്ല. നിലവിലും കര്‍ഷകര്‍ക്ക് എവിടെ വേണമെങ്കിലും ഉത്പന്നം കൊണ്ടുപോയി വില്‍ക്കാന്‍ കഴിയും.

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ മദ്ധ്യപ്രദേശിലെ മേഹ്ഗാവില്‍ കൊണ്ടുവന്ന് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതല്ലേ, തമിഴ്‌നാട്ടില്‍ നിന്നെല്ലാം ഉത്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്നു വില്‍ക്കുന്ന കര്‍ഷകരെയും നമ്മള്‍ കണ്ടിട്ടുള്ളതല്ലേ. ദല്‍ഹിയിലെ ആഴ്ചമാര്‍ക്കറ്റുകളിലെ സാധനങ്ങളെല്ലാം അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൊണ്ടു വന്നു വില്‍ക്കുന്നതാണ്. അവര്‍ നേരിട്ട് ഉപഭോക്താവിനാണ് വില്‍ക്കുന്നത്. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. കാര്‍ഷിക നിയമം നടപ്പിലാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പറയുന്ന പ്രധാന വാദം തന്നെ അടിസ്ഥാനരഹിതമാണെന്ന് ഇതോടുകൂടി ബോധ്യപ്പെടുകയാണ്.

കര്‍ഷകര്‍ക്ക് നേരിട്ട് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍ക്കാനുള്ള തമിഴ്‌നാട്ടിലെ ഉരവര്‍ശണ്ട പോലുള്ള പദ്ധതികള്‍ രാജ്യമൊട്ടാകെ
കൊണ്ടുവരണമെന്ന് ആറ് വര്‍ഷമായി കര്‍ഷകസംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. അപ്പോഴാണ് അവര്‍ കാര്‍ഷികനിയമത്തിലെ കര്‍ഷകരുടെ സ്വാതന്ത്രത്തെക്കുറിച്ച് പറയുന്നത്.

താങ്ങുവില ഇല്ലാതാക്കി ഫ്രീ മാര്‍ക്കറ്റ് കൊണ്ടുവരുന്നത് കര്‍ഷകര്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം നല്‍കുകയാണെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ ഇടനിലക്കാര്‍ ഇല്ലാതാവുമ്പോള്‍ കര്‍ഷകര്‍ക്കാണ് ലാഭമെന്ന് അമിത് ഷാ പറയുന്നു. എന്നാല്‍ ഇടനിലക്കാരേക്കാള്‍ നൂറിരട്ടി അപകടകാരികളായ കോര്‍പ്പറേറ്റുകളാണ് ഇനി കര്‍ഷകരുടെ കഴുത്തിന് പിടിക്കാന്‍ പോവുന്നത്.

തയ്യാറെടുപ്പുകളോടെ സമരമുഖത്തേക്ക്

വളരെ കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് ഞങ്ങള്‍ സമരം ചെയ്യാന്‍ ഇറങ്ങിയിട്ടുള്ളത്. ഈ സമരത്തിന്റെ ദിശ മാറ്റിയ സംഭവം എന്നു പറയുന്നത് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയും രാഷ്ട്രീയ കിസാന്‍ മഹാ സഭയും ചേര്‍ന്ന് സംയുക്ത കിസാന്‍ മോര്‍ച്ച എന്ന പൊതുവേദി ഉണ്ടാക്കി എന്നതാണ്. നിയമം പിന്‍വലിക്കുന്നതിന് വേണ്ടി നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനുള്ള ചുമതല ആ പൊതുവേദിക്കാണ് ഉള്ളത്.

ഈ രണ്ട് പ്രധാനപ്പെട്ട സംഘടനകളും ബാക്കിയുള്ള സ്വതന്ത്ര്യ സംഘടനകളും ഒരുമിച്ചു നിന്നതുകൊണ്ടാണ് സമരം ഇപ്പോഴും വിജയകരമായി മുന്നോട്ട് പോവുന്നത്. മറ്റൊരു കാര്യം പഞ്ചാബിലെ മുഴുവന്‍ കര്‍ഷക സംഘടനകളും ഒരുമിച്ച് നിന്ന് ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാക്കി എന്നതാണ്. ഇത്തരത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നു എന്നത് ഇനിയും പ്രതീക്ഷകളാണ് നല്‍കുന്നത്. മുമ്പ് പല വിഷയങ്ങളിലും
പൊലീസുകാരും സി.ആര്‍.പി.എഫുകാരും സമരക്കാരെ എങ്ങനെ തടഞ്ഞു എന്നത് കൃത്യമായി പഠിച്ചാണ് ഞങ്ങള്‍ സമരത്തിനായി തയ്യാറെടുത്തത്.

ജന്ദര്‍മന്ദറിലും രാം ലീല മൈതാനിയിലുമെല്ലാം സമരം നടത്തുന്നതിനായി അനുവാദം ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒരാളും ഒരിക്കലും ദല്‍ഹിയില്‍ സമരം നടത്തില്ലെന്നാണ് പൊലീസുകാര്‍ ഞങ്ങളോട് പറഞ്ഞത്. അന്ന് ഞങ്ങള്‍ ഉറപ്പിക്കുകയായിരുന്നു സമരം നടത്തിയേ തീരൂവെന്ന്. ഒരാളെ ഉള്ളൂവെങ്കില്‍ ആ ഒരാളെ വെച്ച് സമരം നടത്തുമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കുതിരപൊലീസിനെ ഉപയോഗിച്ച് ലാത്തിവെച്ചടിച്ചാല്‍ എങ്ങനെ പ്രതിരോധിക്കണമെന്നുവരെ ഞങ്ങള്‍ തീരുമാനമെടുത്തിരുന്നു. പഞ്ചാബില്‍ നിന്നുള്ള മിക്കവരും കുടുംബമായാണ് എത്തിയിട്ടുള്ളത്. സ്ത്രീകളും കുട്ടികളും വയോധികരുമെല്ലാം അക്കൂട്ടത്തിലുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലാത്തിയടി കൊള്ളാതിരിക്കാന്‍ എന്തു ചെയ്യണമെന്നെല്ലാം ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്. മോദിയുടെ പൊലീസ് വെടിവെച്ചു കഴിഞ്ഞാല്‍ ആര് മുന്നില്‍ നിന്ന് വെടികൊള്ളണമെന്ന് പോലും ഞങ്ങള്‍ തീരുമാനമെടുത്തിരുന്നു. ഇതെല്ലാം അറിയുന്നതു കൊണ്ടാണ് അമിത് ഷാ ഞങ്ങളെ ചര്‍ച്ചക്കു വിളിക്കുന്നത്. ഞങ്ങളോട് ഏറ്റുമുട്ടിയാല്‍ മോദിയ്ക്ക് തന്റെ കസേരയില്‍ അള്ളി പിടിച്ചിരിക്കാന്‍ കഴിയില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അവര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നത്.

അമിത്ഷായോട് പറയാന്‍ ഉള്ളത്

ചര്‍ച്ച അവര്‍ എത്ര നീട്ടിക്കൊണ്ടുപോയാലും അവരുടെ ഉദ്ദേശ്യം നടക്കില്ല. ആറു മാസത്തേക്കുള്ള റേഷനും കൊണ്ടാണ് ഞങ്ങള്‍ ദല്‍ഹിയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. ഇത്തരത്തില്‍ ഓരോ കാര്യത്തിലും എന്തുചെയ്യണമെന്ന കൃത്യമായ ധാരണ ഞങ്ങള്‍ക്കുണ്ട്.

ഷാഹിന്‍ബാഗ് സമരത്തെ അടിച്ചമര്‍ത്തിയപോലെ ഞങ്ങളെ അവര്‍ക്ക് അടിച്ചമര്‍ത്താന്‍ ആവില്ല. 14000 കര്‍ഷകരാണ് ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകരായ ഞങ്ങള്‍ക്ക് വെടിയേറ്റു മരിക്കാന്‍ പേടിയില്ലെന്നാണ് അവസാനത്തെ ചര്‍ച്ചയില്‍ ഞങ്ങള്‍ അമിത്ഷായോട് പറഞ്ഞത്. അതുകൊണ്ടു തന്നെ സമരം പരാജയപ്പെടുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന്റെ ഭീഷണിക്കുമുമ്പില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല.

തയ്യാറാക്കിയത്: രോഷ്‌നി രാജന്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rashtriya Kisan Maha Sangh Cordinator  KV Biju Talks About Farmers Protest