ചെന്നൈ: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് കൂഴിത്തുറൈലില്‍ മത്സ്യത്തൊളിലാളികളും കുടുംബങ്ങളും നടത്തുന്ന ഉപരോധ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ സമരക്കാര്‍ക്ക് അവസരമൊരുക്കുമെന്ന കളക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
നേരത്തെ സമരക്കാര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. കൂഴിത്തുറൈ സ്റ്റേഷനില്‍ മാത്രം 5000ഓളം മത്സ്യത്തൊഴിലാളികളാണ് തീവണ്ടി തടയാനെത്തിയത്.
സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് തീവണ്ടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയതോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കേരളത്തില്‍ ആഞ്ഞടിച്ച ഓഖി തമിഴ്‌നാട് തീരങ്ങളിലും വലിയ ദുരിതമാണ് വിതച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരത്തെ കന്യാകുമാരിയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കൂഴിത്തുറൈലില്‍ മത്സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.