| Friday, 9th September 2022, 7:54 pm

നീതിക്കായുള്ള പോരാട്ടത്തിനിടെ സംഘടനക്ക് നേരെ വ്യാജപരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നു; സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച ഉത്തരവ് ചരിത്രപരം: കെ.യു.ഡബ്‌ള്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡബ്‌ള്യു.ജെ). സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കാനും മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാനും വേണ്ടിയുളള പോരാട്ടം ഇനിയും തുടരുമെന്ന് കെ.യു.ഡബ്‌ള്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും അറിയിച്ചു.

‘രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹവും മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തില്‍ ചരിത്രപരവുമാണ്.

സംഭവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുക എന്ന മാധ്യമപ്രവര്‍ത്തകന്റെ കൃത്യ നിര്‍വണഹണത്തിന് ഇടയിലായിരുന്നു കാപ്പന്റെ അറസ്റ്റ്. ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നടന്ന അതിക്രൂരമായ സംഭവം നേരിട്ടു മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യാനായുളള യാത്രക്കിടെയായിരുന്നു അറസ്റ്റ്. യു.പി പൊലീസ് കള്ളക്കേസുണ്ടാക്കിയും യു.എ.പി.എ ചുമത്തിയും ജയിലിലടച്ചു. മാധ്യമപ്രവര്‍ത്തകനായ കാപ്പനെ ഭീകരവാദിയായി ചിത്രീകരിക്കാന്‍ പല രീതിയിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും പോലീസും ഒരു വിഭാഗവും കെട്ടിച്ചമച്ചു.

ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചതുമുതല്‍ പല തരത്തിലും കേസ് വൈകിപ്പിക്കാനും അട്ടിമറിക്കാനും യു.പി സര്‍ക്കാറും പോലീസും ശ്രമിക്കുകയുണ്ടായി. കാപ്പന് നീതിക്കായുള്ള പോരാട്ടത്തില്‍ ഉറച്ചു നിന്ന പത്രപ്രവര്‍ത്തക യൂണിയനും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ വ്യാജപരാതികളും ആക്ഷേപങ്ങളും ചിലര്‍ ഉയര്‍ത്തി. സിദ്ദിഖ് കാപ്പന്റെ ഭാര്യക്കെതിരേയും ആരോപണങ്ങളുയര്‍ത്തി. എല്ലാറ്റിനേയും അതിജീവിച്ചാണ് പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ കുടുംബവും നിയമപോരാട്ടവുമായി മുന്നോട്ടു പോയത്,’ കെ.യു.ഡബ്‌ള്യു.ജെ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട വേട്ടയാടല്‍ നടന്നപ്പോഴൊക്കെ നീതിക്കുവേണ്ടി നില്‍ക്കാനും അതതുസമയത്ത് നീതിപീഠത്തെ സമീപിക്കാനും യൂണിയനു സാധിച്ചു. ഇത്തരം പോരാട്ടങ്ങളുടെ ആകെത്തുകയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധി. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തില്‍ ചരിത്രപരമായ അധ്യായമായി ഈ കേസിലെ നിയമ പോരാട്ടം വിലയിരുത്തപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നു.

അതിനായി ഒപ്പം നിന്ന ദല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റിസ്(ഡി.യു.ജെ), പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, അഴിമുഖം ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങള്‍, ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ആദ്യഘട്ടത്തില്‍ യൂണിയന് വേണ്ടിയും ഇപ്പോള്‍ സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനു വേണ്ടിയും ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, സിദ്ദിഖിന് വേണ്ടി ഹാജരായ അഡ്വ.ദുഷ്യന്ത് ദവേ, യൂണിയന് വേണ്ടി കേസിന്റെ മേല്‍നോട്ടം വഹിച്ച അഡ്വ.വില്‍സ് മാത്യൂസ്, സിദ്ദിഖിന്റെ കുടുംബത്തിനു വേണ്ടി കേസില്‍ മേല്‍നോട്ടം നിര്‍വഹിച്ച അഡ്വ. ഹാരീസ് ബീരാന്‍, യു.പി ഹൈക്കോടതിയില്‍ അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാന്‍ ബാഗേല്‍, കേസില്‍ സഹായിച്ച മറ്റ് അഭിഭാഷകര്‍, മാധ്യമസുഹൃത്തുക്കള്‍, പൊതു സമൂഹം, സിദ്ദിഖിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി ഈ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ക്കെല്ലാം പത്രപ്രവര്‍ത്തക യൂണിയന്‍ നന്ദിയും അഭിവാദ്യവും അറിയിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights:  KUWJ welcomes Supreme Court verdict granting bail to Siddique Kappan

Latest Stories

We use cookies to give you the best possible experience. Learn more