തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വ്യാപക അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കെ.യു.ഡബ്ല്യു.ജെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ചു.
“കേരളത്തില്‍ ഇന്ന് മാത്രം നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് മാത്രം പത്തിലേറെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഇന്ന് ആക്രമണമുണ്ടായി. ഇതിന് പിന്നാലെയാണ് ബി.ജെ.പി പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് മാത്രം 9 ലക്ഷം രൂപയുടെ ക്യാമറകളാണ് കഴിഞ്ഞ ദിവസം നശിച്ചത്. ഇന്ന് സത്യാഗ്രഹ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ ബഹിഷ്‌കരിക്കാനും ബിജെപിയുടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ തീരുമാനമെടുത്തത്.
അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം.
DoolNews Video