തിരുവനന്തപുരം: മംഗളം ചാനലിനെതിരായ ഫോണ്‍ കെണി കേസില്‍ നിരപരാധികളായ മാധ്യമപ്രവര്‍ത്തകരേയും പ്രതി ചേര്‍ത്ത് ദ്രോഹിക്കാനുള്ള പൊലീസിന്റെ അമിതാവേശം സര്‍ക്കാരിന്റെ പ്രതിച്ഛായക്കു തന്നെ കളങ്കം ചാര്‍ത്തുന്നതാണെന്നു കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. പത്ര പ്രസ്താവനയിലൂടെയായിരുന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായാണന്‍ എന്നിവര്‍ യൂണിയന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
സംഭവത്തില്‍ യാതൊരു പങ്കുമില്ലാത്ത വാര്‍ത്താ വായനക്കാരിയായ യുവതിയെ വരെ പൊലീസ് കഴിഞ്ഞ 48 മണിക്കൂറായി ബുദ്ധിമുട്ടിക്കുന്നുവെന്നും യൂണിയന്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒമ്പതിന് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ട് വൈകുന്നേരം വരെ ഇരുത്തിയെന്നും കൂടാതെ ബുധനാഴ്ച്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്നും യൂണിയന്‍ പറയുന്നു.
മുന്‍ മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതോ അതിനു പിന്നിലെ ശ്രമങ്ങളോ അറിയാത്ത വ്യക്തിയാണ് ഇവര്‍. അതുപോലെ ഫോണ്‍ കെണിയെ കുറിച്ച് മുന്‍കൂട്ടി യാതൊരു അറിവുമില്ലാത്ത പല എഡിറ്റോറിയല്‍ ജേര്‍ണലിസ്റ്റുകളേയും പ്രതിയാക്കിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇത് പൊലീസിന്റെ അനാവശ്യ തീരുമാനമാണ്. അധാര്‍മ്മികവുമാണ്. കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനാണ് പൊലീസ് തുനിയേണ്ടത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പല നടപടികളും അസാധാരണമാണെന്നും യൂണിയന്‍ അഭിപ്രായപ്പെടുന്നു.
ഫോണ്‍ കെണി സംഭവത്തില്‍ ശരിയായ ഉത്തരവാദികള്‍ക്കെതിരെയുള്ള നിയമനടപടികളില്‍ യൂണിയന് യാതൊരു വിയോജിപ്പുമില്ലെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. ചാനല്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ഈ കേസിലെ പ്രതികളാക്കിയിട്ടുണ്ട്. മാധ്യമ ധാര്‍മ്മികതയ്ക്ക് തീരാകളങ്കം വരുത്തിയ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം എന്നത് കേരളത്തിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരുടേയും ആവശ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ യൂണിയന്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന്‍ പറഞ്ഞു.
ഫോണ്‍ കെണി സംഭവത്തില്‍ മംഗളം കമ്പനിയിലെ ഭൂരിപക്ഷം മാധ്യമ പ്രവര്‍ത്തകരും വിയോജിപ്പുള്ളവരാണ്. അതിനാല്‍ അടച്ചാക്ഷേപിക്കുന്ന സമീപനം നിര്‍ഭാഗ്യകരമാണെന്നും യൂണിയന്‍ അഭിപ്രായപ്പെടുന്നു.
ഫോണ്‍ കെണി ആസൂത്രണം ചെയ്തവരേയും അത് നടപ്പാക്കിയവരേുയമാണ് കുറ്റക്കാരായി കാണേണ്ടത്. വാര്‍ത്താ അവതരണത്തിനു തൊട്ടുമുമ്പായി മാത്രം ഈ വാര്‍ത്തയെ കുറിച്ച് അറിഞ്ഞവരെങ്ങനെ ഗൂഢാലോചനക്കാരാകുമെന്ന് യൂണിയന്‍ ചോദിക്കുന്നു.