അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ മുന്നോട്ടുവരണം; മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതില്‍ കെ.യു.ഡബ്ല്യൂ.ജെ
Kerala News
അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ മുന്നോട്ടുവരണം; മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതില്‍ കെ.യു.ഡബ്ല്യൂ.ജെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2022, 2:39 pm

കോഴിക്കോട് : മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞ നടപടിയില്‍ പ്രതികരണവുമായി കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ഇന്ത്യയെ സ്‌നേഹിക്കുന്ന, ജനാധിപത്യം ഇഷ്ടപ്പെടുന്ന ജനത ഒന്നടങ്കം മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമ വിരുദ്ധ നിലപാട് വീണ്ടും വെളിപ്പെടുത്തി മീഡിയ വണ്‍ ചാനലിന് വീണ്ടും വിലക്ക്. പ്രത്യേകിച്ചു ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്‌നങ്ങള്‍ എന്നു മാത്രം പറഞ്ഞാണ് വിലക്ക്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാന്‍ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

അതില്‍ എന്തു ഭീഷണിയാണ് മീഡിയവണ്‍ സൃഷ്ടിച്ചത് എന്നീ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ഇന്ത്യയെ സ്‌നേഹിക്കുന്ന, ജനാധിപത്യം ഇഷ്ടപ്പെടുന്ന ജനത ഒന്നടങ്കം അടരാടേണ്ടതുണ്ട്,’ കെ.പി. റെജി എഴുതി.

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചിരുന്നു.

നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയിരുന്നത്.