| Thursday, 17th November 2022, 11:48 pm

ന്യൂസ് 18 വാര്‍ത്താസംഘത്തിന് നേരെ ക്വാറി മാഫിയയുടെ ആക്രമണം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 ചാനല്‍ വാര്‍ത്താസംഘത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ബാലുശ്ശേരിക്കടുത്ത് വട്ടോളി ബസാര്‍ മലയിലകത്തോട്ട് പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ വാര്‍ത്ത ശേഖരിക്കാനെത്തിയ ന്യൂസ് 18 കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എസ്. വിനേഷ് കുമാര്‍, ക്യാമറാമാന്‍ ഷാഫി എന്നിവരെയാണ് ആക്രമിച്ചത്.

വട്ടോളി ബസാര്‍ മലയിലകത്തോട്ട് ക്വാറിയിലേക്കുള്ള റോഡില്‍വെച്ച് രാജന്‍ എന്നയാളുടെ നേതൃത്വത്തി ലാണ് ആക്രമണം നടന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്തവനയില്‍ പറഞ്ഞു.

ഷാഫിയുടെ കയ്യിലുണ്ടായിരുന്ന ക്യാമറ തകര്‍ക്കാനും നീക്കമുണ്ടായി. മര്‍ദനമേറ്റ ഷാഫിയും വിനേഷും ബാലുശ്ശേരി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. പഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലൈസന്‍സ് നേടി പ്രവര്‍ത്തനമാരംഭിച്ചെന്ന് ആരോപണമുള്ള ക്വാറിക്കെതിരെ പ്രദേശത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചന്വേഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമാണ് ന്യൂസ് 18 സംഘം സ്ഥലത്തെത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുക എന്ന കടമ നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം നിലപാട് അത്യന്തം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് കെ.യു.ഡബ്ലു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

CONTENT HIGHLIGHT:  KUWJ protests Quarry mafia attack on News 18 news team

We use cookies to give you the best possible experience. Learn more