തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പ്രതിഷേധമറിയിച്ച് സെക്രട്ടറിയേറ്റ് പരിസരത്ത് കെ.യു.ഡബ്ല്യൂ.ജെ മാര്‍ച്ച് നടത്തി.
ബി.ജെ.പി യുടെ സമരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി പ്രസ്താവിച്ചു.
“സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാവുന്നു, ക്യാമറയും ഫോണും വാഹനങ്ങളും തകര്‍ക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കുന്നു. ഇത് അങ്ങേയറ്റം ഗുണ്ടായിസമാണ്. വാര്‍ത്ത ശേഖരിക്കാനെത്തുന്നവര്‍ ആരുടെയും ശത്രുക്കളല്ല. എന്താണ് സംഭവിക്കുന്നത് എന്നത് സമൂഹത്തെ അറിയിക്കാനുള്ള ജോലി ചെയ്യുക മാത്രമാണ്. സര്‍ക്കാരിനോടുള്ള രോഷം തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു.” കെ.യു.ഡബ്ല്യൂ.ജെ യുടെ പ്രസ്താവനയില്‍ പറയുന്നു.
Also Read: ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂ എന്ന് അവര്‍ കരുതുന്നു, കാലം മാറി: മുഖ്യമന്ത്രി
സമരം റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ സമരക്കാരാല്‍ തന്നെ ആക്രമിക്കപ്പെടുന്നത് അതി വിചിത്രമായേ കരുതാനാവൂ. പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാകണം. അക്രമികളെ കര്‍ശനമായി നിയന്ത്രിക്കാന്‍ ശബരിമല കര്‍മ്മസമിതിയും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരും തയ്യാറാവണം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ ദിനത്തില്‍ മാത്രം പത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ പല ജില്ലകളിലായി ആക്രമിക്കപ്പെടുകയും പല മാധ്യമങ്ങളുടെയും ക്യാമറയും വാനുകളും തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.