“ഈ സമരം മാതൃഭൂമിയ്‌ക്കെതിരെയല്ല. മറിച്ച് മാതൃഭൂമിയിലെ ഇപ്പോഴത്തെ കൈകാര്യകര്‍ത്താക്കള്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരായാണ് . മാതൃഭൂമിയില്‍ നിന്ന് ആരും ഈ സമരത്തില്‍ പങ്കെടുക്കാത്തത് അവിടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുകൊണ്ടാണ്.” രാജേന്ദ്രന്‍ പറഞ്ഞു.
“ഏതൊരു സ്ഥാപനത്തിലും സ്ഥാപനത്തെക്കാള്‍ വലുതല്ല വ്യക്തികള്‍. ഞാനടക്കമുള്ള വ്യക്തികള്‍ക്ക് മേല്‍വിലാസമുണ്ടാക്കിത്തന്നത് തൊഴില്‍ ചെയ്ത പത്രങ്ങള്‍ തന്നെയാണ്. എന്നാല്‍ അതുകൊണ്ട് എന്തുമാകാമെന്നില്ല. നൂറ് ശതമാനം ട്രേഡ് യൂണിയന്‍ കാരണം മൂലം ജോലിയില്‍ നിന്ന് പുറത്തുപോകുന്ന ചരിത്രത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് മാതൃഭൂമിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട സി നാരായണന്‍. അദ്ദേഹം എന്റെ സുഹൃത്താണ്. അദ്ദേഹം ന്യൂസ് എഡിറ്ററോട് ഉച്ചത്തില്‍ സംസാരിച്ചു എന്ന് പറഞ്ഞാണ് അദ്ദേഹത്തെ പുറത്താക്കിയത്.
പക്ഷെ നാരായണന്‍ ചീത്ത പറഞ്ഞിട്ടില്ല. മാതൃഭൂമിയിലെ മുന്‍ പത്രപ്രവര്‍ത്തകനായ വി.ബാലചന്ദ്രന്‍ അടക്കമുള്ളവര്‍ മാതൃഭൂമിയില്‍ ഉച്ചത്തില്‍ സംസാരിച്ചിട്ടുണ്ട്. അത് പുതിയ കാര്യമല്ല. പിരിച്ചുവിടാന്‍ കാരണമാകുവാന്‍ തക്കതുമല്ല. അന്ന് അദ്ദേഹത്തിനോട് അതിലും ഉച്ചത്തില്‍ സഹപ്രവര്‍ത്തകര്‍ സംസാരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സൗഹൃദ അന്തരീക്ഷം അന്ന് മാതൃഭൂമിയില്‍ നിലനിന്നിരുന്നു. അത്തരം അന്തരീക്ഷത്തിലൂടെയാണ് മാതൃഭൂമി വളര്‍ന്ന് വന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.” അദ്ദേഹം ചൂണ്ടിക്കാട്ടി.
തുറന്ന വിമര്‍ശനത്തിന്റെ പേരില്‍ ഒരാളെ പിരിച്ചുവിടുന്നത് പരിഹാസ്യവും ദയനീയവുമാണെന്നെ എനിക്ക് പറയാനുള്ളൂവെന്നും ഈ സമരം പത്താം ദിവസം പിന്നിടുമ്പോള്‍ ഞാനിവിടെ വരുന്നത് ഒരു ധാര്‍മികതയുടെ ഭാഗമായാണെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയനിലെ മുന്‍ അംഗം മാത്രമാണ് ഞാനെങ്കിലും ഞാനീ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചില്ലെങ്കില്‍ ആ കുറ്റബോധം ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടമെന്നും അതുകൊണ്ടാണ് സമരത്തിന്റെ അവസാന ദിനമായ ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാനെത്തിയതെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പത്രപ്രവര്‍ത്തകര്‍ അനുഭവിച്ചുവരുന്ന തൊഴില്‍ അരക്ഷിതാവസ്ഥയ്‌ക്കെതിരെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ മാസം 2ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നിലനില്‍പ്പ് സമരം ആരംഭിച്ചത്. സംസ്ഥാനത്തുടനീളം സംഘടിപ്പിക്കപ്പെട്ട സമരത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകരാണ് പങ്കാളികളായത്.
വാര്‍ത്താമാധ്യമ വ്യവസായത്തില്‍ വര്‍ധിച്ചുവരുന്ന വേതനം വെട്ടിക്കുറയ്ക്കല്‍. പിരിച്ചു വിടല്‍ തൊഴില്‍ നിഷേധം, തുടങ്ങിയ പ്രവണതകള്‍ക്കെതിരെയായിരുന്നു സമരക്കാര്‍ ശബ്ദമുയര്‍ത്തിയത്. സി.നാരായണനെ തിരിച്ചെടുക്കുക വേജ് ബോര്‍ഡിനുവേണ്ടി വാദിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയവരെ തിരിച്ചു കൊണ്ടുവരിക. മാധ്യമരംഗത്തെ കോര്‍പ്പറേറ്റ് വല്‍കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമരത്തിലൂടനീളം മുഴങ്ങിയത്.
അതേസമയം വേജ്‌ബോര്‍ഡ് പ്രക്ഷോഭത്തെ തുടര്‍ന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റപ്പെട്ട മാതൃഭൂമി പത്രപ്രവര്‍ത്തകരായ ഇ.ജി രതീഷ് ( അഹമ്മദാബാദ്), വി.എസ്. സനോജ്( ലക്‌നൗ) എന്‍. അബൂബക്കര്‍( പാറ്റ്‌ന) ടി.എസ് കാര്‍ത്തികേയന്‍( കൊല്‍ക്കത്ത), കെ.എസ് വിപിന ചന്ദ്രന്‍ (പെദ്ദപരിമി), പി.ആര്‍ പരമേശ്വരന്‍( മുംബൈ) പി മനോജ്( ബാംഗ്ലൂര്‍) സി.കെ റിംജു( സെക്കന്തരാബാദ്) തുടങ്ങിയവരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തു വന്നിരുന്നു.