| Tuesday, 31st March 2015, 1:34 pm

മന്ത്രി മുനീറിന്റെ ഇരുവസതികളും പിടിച്ചെടുക്കുമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യാവിഷന്‍ തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം ഏപ്രില്‍ ഏഴിനു മുമ്പ് വിതരണം ചെയ്യാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മന്ത്രി എം.കെ മുനീറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും കോഴിക്കോട്ടെ സ്വകാര്യ വസതിയും പിടിച്ചെടുക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇരുവസതികളിലും കഞ്ഞിവെപ്പ് സമരം തുടങ്ങുമെന്നും കെ.യു.ഡബ്ലു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ പറഞ്ഞു.

മന്ത്രി മുനീറിനോട് മാത്രമല്ല കേരളത്തിലെ മുഴുവന്‍ മാധ്യമ മുതലാളിമാരോടും ഇത്തരം നിലപാടുകള്‍ തുടരരുതെന്ന് താക്കീത് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇന്ത്യാവിഷനിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.കെ മുനീറിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകര്‍ രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കുന്ന മൂല്യം വിറ്റ് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ പേരില്‍ ഞെളിഞ്ഞിരിക്കാമെന്ന് ഒരു മാധ്യമ മുതലാളിയും ഇനി കരുതേണ്ടെന്നും അദ്ദേഹം താക്കീത് നല്‍കി.

മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യാവിഷനിലെ തൊഴിലാളികള്‍ സ്വതന്ത്ര്യമാധ്യമ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചവരാണ്. ഈ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാനാണ് മന്ത്രി എം.കെ മുനീര്‍ തയ്യാറാവേണ്ടതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

സര്‍വ്വീസ് ടാക്‌സ് അടച്ചില്ലെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിയെ ഒരു നിയമവും പാലിക്കാതെ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മദ്ധ്യസ്ഥതയിലുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ ചാനലുടമസ്ഥനായ മന്ത്രി മുനീറോ ഇന്ത്യാവിഷന്‍ മാനേജ്‌മെന്റോ തയ്യാറാവാത്തത്. അവര്‍ക്കെതിരായി ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ടി.പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് ഇതുവരെ നിലനിന്നിരുന്ന തൊഴിലാളികള്‍ക്കനുകൂലമായ നിയമങ്ങള്‍ സര്‍ക്കാറുകള്‍ പൊളിച്ചെഴുതുന്നതും ഇതിനോട് കൂട്ടിക്കാണണമെന്നും ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ശമ്പള കുടിശ്ശിക സംബന്ധിച്ച് കഴിഞ്ഞ ആറുമാസക്കാലമായി നല്‍കുന്ന ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കുകയാണ് ചാനല്‍ മാനേജ്‌മെന്റ്. മന്ത്രി ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തില്‍ ചാനല്‍ മേധാവി മുനീറുമായി നടത്തിയ കരാറും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേരള മാധ്യമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചാനല്‍ മുതലാളിയുടെ വീട്ടിലേക്ക് പത്രപ്രവര്‍ത്തകര്‍ മാര്‍ച്ചു ചെയ്തിരിക്കുന്നത്. മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു.

We use cookies to give you the best possible experience. Learn more