| Monday, 27th June 2022, 2:17 pm

മാധ്യമ വിലക്ക് ജനാധിപത്യവിരുദ്ധം; വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ തെറ്റാണെന്ന സ്പീക്കറുടെ ഓഫീസിന്റെ വാദം അംഗീകരിക്കാനാവില്ല: കെ.യു.ഡബ്ല്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനിടെ സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പടുത്തിയ സംഭവത്തെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ്- കെ.യു.ഡബ്ല്യു.ജെ).

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്നും നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

പി.ആര്‍.ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണെന്നും സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു. കെ.യു.ഡബ്ല്യു.ജെയുടെ ഔദ്യോഗിക പ്രസ്താവന യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി തന്റെ ഫേസ്ബുക്ക് പേജിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേക്ക് നയിച്ച കാരണം സ്പീക്കര്‍ വ്യക്തമാക്കണമെന്നും വിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നും യൂണിയന്റെ പ്രസ്താവനയില്‍ പറയുന്നു.

കെ.യൂ.ഡബ്ല്യൂ.ജെ പുറത്തിറക്കിയ പ്രസ്താവന

”നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത്.

മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്‍ പ്രവേശിക്കുന്നത് വിലക്കിയതിലൂടെ ജനത്തിന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്.

പി.ആര്‍.ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

വാച്ച് ആന്റ് വാര്‍ഡിന് പറ്റിയ തെറ്റാണെന്ന നിയമസഭാ സ്പീക്കറുടെ ഓഫീസിന്റെ വാദം അംഗീകരിക്കാനാവില്ല. ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആന്‍ഡ് വാര്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേക്ക് നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കേണ്ടതുണ്ട്.

മാധ്യമവിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു”.

അപൂര്‍വമായി മാത്രമാണ് സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താറുള്ളത്. നിയമസഭ സമ്മേളിച്ചപ്പോള്‍ മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയത്.

മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സഭാ ടി.വി വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടി.വി വഴി നല്‍കിയിരുന്നില്ല.

പി.ആര്‍.ഡി വഴി നല്‍കിയ ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഭരണപക്ഷത്ത് നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പി.ആര്‍.ഡി വഴി നല്‍കിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് സമയത്ത് മാധ്യമങ്ങള്‍ക്ക് സഭയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരാനാണ് സ്പീക്കറുടെ തീരുമാനം.

Content Highlight: KUWJ official reaction on media being banned inside Kerala Legislative Assembly

We use cookies to give you the best possible experience. Learn more