കോഴിക്കോട്: മാധ്യമവിലക്കിനെതിരെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍. കേരള പത്രപ്രവര്‍ത്തക തൊഴിലാളി യൂണിയന്‍, പ്രസ് ക്ലബ്, കെ.യു.ഡബ്ല്യു.ജെ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുന്നത്.
‘വായ മൂടിക്കെട്ടാനാവില്ല. ചാനല്‍ വിലക്കിനെതിരെ പ്രതിഷേധം’ എന്ന ബാനറുമായാണ് പ്രകടനങ്ങള്‍ നടക്കുന്നത്. വിവിധ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകർ പ്രതിഷേധത്തിനായി എത്തിച്ചേര്‍ന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും എതിരെ പുറപ്പെടുവിച്ച വിലക്ക് സമ്മര്‍ദങ്ങളെ തുടര്‍ന്ന് നീക്കിയെങ്കില്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ നീക്കം മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള വലിയ വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ തന്നെ എല്ലാ മാധ്യമപ്രവര്‍ത്തകരും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും ഇവര്‍ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. രാത്രി 7.30 മുതലായിരുന്നു വിലക്ക്. എന്നാല്‍ 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴാം തിയതി രാവിലെയോടെ പിന്‍വലിച്ചു.
കേബില്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.
മീഡിയ വണ്ണിന്റെ ദല്‍ഹി കറസ്‌പോണ്‍ണ്ടന്റ് ആയ ഹസ്‌നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസില്‍ പറയുന്നത്. ഇരു ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗും നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ വിലക്കിനെതിരെ വലിയ പ്രതിഷേധം വന്നതിന് പിന്നാലെ മാര്‍ച്ച് എട്ടാം തിയതി പുലര്‍ച്ചെ ഒന്നരയോടെ ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുമാറ്റി. അപ്പോഴും മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടര്‍ന്നു. രാവിലെ 9.30 ഓടെ മാത്രമാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്. കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ വിലക്ക് നീക്കുകയായിരുന്നു.
മാധ്യമവിലക്കിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമുയര്‍ന്നത്.