| Sunday, 8th September 2013, 11:03 am

പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പ്: വിമത സ്ഥാനാര്‍ത്ഥിക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: ##കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പിന്തള്ളി എന്‍. പത്മനാഭന്‍ 132 വോട്ടുകള്‍ക്ക് വിജയിച്ചു.

എല്ലാ പത്രങ്ങളിലേയും പത്രപ്രവര്‍ത്തക യൂണിയനുകളുടെ പിന്തുണയോടുകൂടി മത്സരിച്ച മാധ്യമം ദിനപത്രത്തിലെ ന്യൂസ് എഡിറ്ററായ പി.എ അബ്ദുല്‍ ഗഫൂറിനെയാണ് എന്‍. പത്മനാഭന്‍ പരാജയപ്പെടുത്തിയത്.[]

യൂണിയന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ എന്‍.പത്മനാഭനെ പുറത്താക്കിയിരുന്നു.

എന്നാല്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത പത്രങ്ങള്‍ക്കെതിരെയും ഐ.എന്‍.എസ്സിനെതിരായും രൂക്ഷ വിമര്‍ശനമുയര്‍ത്തിയായിരുന്നു എന്‍. പത്മനാഭന്റെ പ്രചാരണം.

ഇതുവഴി തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്ന മറ്റു പത്രങ്ങളിലെ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ പത്മനാഭന് മറികടക്കാനായി എന്ന് വേണം അനുമാനിക്കാന്‍.

അതേസമയം, പത്രപ്രവര്‍ത്തക പ്രസിഡന്റ് സ്ഥാനം ഔദ്യോഗിക പക്ഷം നിലനിര്‍ത്തി. ദേശാഭിമാനിയിലെ പ്രേംനാഥാണ് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

പത്രപ്രവര്‍ത്തക യൂണിയനെ ഒരു റിയില്‍ ട്രേഡ് യൂണിയനിലേക്ക് മടക്കി കൊണ്ടുപോകുവാനും വേജ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുവാനും ഈ തിരഞ്ഞെടുപ്പ് വിജയത്തെ ഉപയോഗിക്കുമെന്ന് എന്‍.പത്മനാഭന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more