കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മാധ്യമത്തില്‍ നിന്ന് മത്സരിക്കുന്ന എന്‍. പദ്മനാഭനെതിരെ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍. ആദ്യം മത്സരിക്കാന്‍ സന്നദ്ധത കാണിക്കാതിരുന്ന പദ്മനാഭന്‍ പിന്നീട് മത്സരിക്കുന്നതിനായി നോമിനേഷന്‍ നല്‍കുകയാണെന്ന് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘സി. നാരായണനും കമാല്‍ വരദൂറിനുമെതിരായ പോരാട്ടമെന്ന പദ്മനാഭന്റെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നുവെങ്കില്‍ അവര്‍ രണ്ടുപേരും നോമിനേഷന്‍ പിന്‍വലിച്ച ശേഷമെങ്കിലും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ എന്‍. പദ്മനാഭനിലെ ട്രേഡ് യൂണിയനിസ്റ്റ് സന്നദ്ധമാകുമായിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്ന ദിവസം രാവിലെ പോലും നാരായണനും കമാലും പിന്‍വലിച്ചാല്‍ താനും പിന്‍വലിക്കാമെന്ന് മാധ്യമത്തിലെ സുഹൃത്തുക്കളോട് സമ്മതിച്ച പദ്മനാഭന്‍ അത് ചെയ്യാതിരുന്നത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നുവേണം മനസ്സിലാക്കാന്‍. ഒപ്പം അവസാനിക്കാത്ത അധികാരക്കൊതിയും.’
മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ്: കേരളത്തിലെ പ്രിയപ്പെട്ട മാധ്യമസമൂഹത്തോട് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന് പറയാനുള്ളത്…
ഇക്കുറി KUWJയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും മാധ്യമത്തില്‍ നിന്നാണ്. ഇതിലേക്ക് നയിച്ച സാഹചര്യം അറിയണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
KUWJയുടെ ഏറ്റവും സജീവമായ സെല്ലുകളില്‍ ഒന്ന് എന്ന നിലയില്‍ അത്യന്തം ജനാധിപത്യപരമായും വ്യവസ്ഥാപിതമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിയനാണ് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍. അതുകൊണ്ടു തന്നെ ഇക്കാര്യം KUWJയുടെ കൂടി വിഷയമാണ് എന്നു കരുതുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇക്കുറി KUWJ സംസ്ഥാന നേതൃത്വത്തിലേക്ക് കെ.പി. റെജിയെ നിര്‍ത്താനാണ് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ചര്‍ച്ച വന്ന ആദ്യ യോഗ്യത്തില്‍, തന്റെ മത്സര സാധ്യത എന്‍. പത്മനാഭന്‍ തള്ളി. അദ്ദേഹം മത്സരിക്കുമെന്ന് ചില അഭ്യുഹങ്ങള്‍ കേള്‍ക്കുന്നവല്ലോ എന്നതിന് ‘തനിക്ക് ഒട്ടും താല്‍പര്യമില്ലെന്നും കഴിഞ്ഞ 10 – 12 വര്‍ഷമായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെ കിംവദന്തി പ്രചരിക്കാറുണ്ടെന്നും, അതില്‍ കാര്യമില്ല’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ വിഷയം നേരിട്ട് അദ്ദേഹവുമായി സംസാരിച്ചവരോട് ‘ഇനി 169 ദിവസം മാത്രം ജോലിയിലുള്ള എനിക്ക് മറ്റു തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരത്തിന് ഇല്ല’ എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അജണ്ടയായി ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍, നാരായണനെതിരെ മത്സരിക്കാന്‍ സമാന മനസ്‌കര്‍ തന്നോട് ആവശ്യപ്പെടുന്നതായി പത്മനാഭന്‍ അറിയിച്ചു. എന്നാല്‍ ഭൂരിപക്ഷം അംഗങ്ങളും കെ.പി റജിയെ ആണ് പിന്തുണച്ചത്. യോഗത്തിന്റെ വികാരം മനസ്സിലാക്കി സെക്രട്ടറിയായ പത്മനാഭന്‍ തന്നെ കെ.പി റജിയുടെ പേര് നിര്‍ദേശിച്ചു.
സാധ്യതകള്‍ക്കനുസരിച്ച് കെ.പി. റെജി പ്രസിഡന്റ്/സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുക എന്നതായിരുന്നു സെല്ലിന്റെ തീരുമാനം. അതിനായി രൂപവത്കരിച്ച ഉപസമിതിയില്‍ എന്‍. പദ്മനാഭനും അംഗമായിരുന്നു. തീരുമാനം സര്‍ക്കുലറായി അംഗങ്ങളെ അറിയിച്ചതും അദ്ദേഹമാണ്. അതനുസരിച്ച് അന്നുതന്നെ കെ.പി. റെജി പ്രസിഡന്റ്/സെക്രട്ടറി സ്ഥാനത്തേക്ക് പത്രികകള്‍ സമര്‍പ്പിച്ചു. എന്നാല്‍ പത്രിക സമര്‍പ്പണത്തിന്റെ അവസാന തീയതിയില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എന്‍. പദ്മനാഭന്‍ നോമിനേഷന്‍ നല്‍കി. ഡല്‍ഹിയില്‍ നിന്നടക്കം ഒമ്പത് സെറ്റ് പത്രികകളാണ് നല്‍കിയത്. 27 പത്രികകളില്‍ ഒപ്പിട്ട 54 പേരില്‍ ഭൂരിഭാഗം പേരും ദേശാഭിമാനിയില്‍ നിന്ന്. നേരത്തെ തന്നെ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഈ നീക്കം എന്നു വ്യക്തമാകുന്ന സംഭവമാണിത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പണവും കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ 17 ന് അംഗങ്ങള്‍ക്ക് അയച്ച കത്തിലൂടെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പദ്മനാഭന്‍ മാധ്യമം യൂണിയനില്‍ സ്വയം പ്രഖ്യാപിച്ചത്. താന്‍ തന്നെയാണ് കെ.പി. റെജിയെ നിര്‍ദേശിച്ചതെന്നും കഴിഞ്ഞ നാല് വര്‍ഷമായി KUWJ തകര്‍ന്നിരിക്കുകയാണെന്നും അധികാരമെല്ലാം ജന. സെക്രട്ടറിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അതിനെതിരെ താന്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും ആ കത്തില്‍ പദ്മനാഭന്‍ പറയുന്നു.
മാത്രമല്ല, ജനറല്‍ സെക്രട്ടറി സി. നാരായണനും പ്രസിഡന്റ് കമാല്‍ വരദൂറും വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നും അദ്ദേഹം അവകാശപ്പെട്ടു. ദീര്‍ഘകാലം സംഘടനാ പ്രവര്‍ത്തന രംഗത്തുള്ള പദ്മനാഭനെ പോലെ ഒരാള്‍ക്ക് സംഘടന മര്യാദകള്‍ അറിയാത്തതല്ലല്ലോ.
സി. നാരായണനും കമാല്‍ വരദൂറിനുമെതിരായ പോരാട്ടമെന്ന പദ്മനാഭന്റെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നുവെങ്കില്‍ അവര്‍ രണ്ടുപേരും നോമിനേഷന്‍ പിന്‍വലിച്ച ശേഷമെങ്കിലും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ എന്‍. പദ്മനാഭനിലെ ട്രേഡ് യൂണിയനിസ്റ്റ് സന്നദ്ധമാകുമായിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്ന ദിവസം രാവിലെ പോലും നാരായണനും കമാലും പിന്‍വലിച്ചാല്‍ താനും പിന്‍വലിക്കാമെന്ന് മാധ്യമത്തിലെ സുഹൃത്തുക്കളോട് സമ്മതിച്ച പദ്മനാഭന്‍ അത് ചെയ്യാതിരുന്നത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നുവേണം മനസ്സിലാക്കാന്‍. ഒപ്പം അവസാനിക്കാത്ത അധികാരക്കൊതിയും.
നാല് തവണ KUWJയുടെ ജനറല്‍ സെക്രട്ടറിയായും ഒരു തവണ ട്രഷററായും അധികാരത്തിലിരുന്നയാളാണ് എന്‍. പദ്മനാഭന്‍. ഒരു തവണ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നാലു തവണയും തന്നെക്കാള്‍ സീനിയറായവരുടെ കൂടി പിന്തുണയോടെ മാധ്യമം യൂണിയന്റെ പ്രതിനിധിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വീസ് തീരാന്‍ വെറും അഞ്ച് മാസം മാത്രം അവശേഷിക്കുന്ന അദ്ദേഹത്തിന് പുതിയ ഒരാള്‍ നേതൃത്വത്തിലേക്ക് വരുന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ല. തനിക്കു ശേഷം ഈ തോണി മുങ്ങണമെന്ന മനസ്സോടെയാണ് അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍.
KUWJ മുഴുവന്‍ അപകടത്തിലായിരിക്കുകയാണെന്നും അതിനെ രക്ഷിക്കാന്‍ താന്‍ മാത്രമേയുള്ളുവെന്നും, വിമതവേഷം കെട്ടുന്ന കാലത്തെല്ലാം അദ്ദേഹം പ്രഖ്യാപിക്കാറുള്ളതാണ്. മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയനില്‍ നേരത്തെയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. 2013ല്‍ മാധ്യമവും ദേശാഭിമാനിയും ചേര്‍ന്ന് നിര്‍ത്തിയ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായ പ്രേംനാഥ് – പി.എ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ക്കെതിരെ സ്വയം സ്ഥാനാര്‍തിത്വം പ്രഖ്യാപിച്ച് രംഗത്ത് വന്ന പദ്മനാഭനെതിരെ ഇന്നദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പോലും അന്നുയര്‍ത്തിയ വിമര്‍ശനങ്ങളില്‍ പ്രധാനം, സ്വന്തം സെല്ലിനെ വഞ്ചിച്ചയാള്‍ എന്നതായിരുന്നു. സ്വന്തം യൂണിയന്റെ സ്ഥാനാര്‍ത്ഥിയെയാണ് അന്ന് എന്‍. പദ്മനാഭന്‍ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയനില്‍ നിന്ന് പുറത്താക്കിയതാണ്.
2015ല്‍ ദേശാഭിമാനിയും മാധ്യമവും അടക്കം പിന്തുണച്ച് നിര്‍ത്തിയ പി.എ.അബ്ദുല്‍ ഗഫൂര്‍ – സി. നാരായണന്‍ സഖ്യത്തിനെതിരെ, സ്വന്തം യൂണിയെന്റ സ്ഥാനാര്‍ത്ഥിക്കെതിരെ വിഭാഗീയ പ്രവര്‍ത്തനം നടത്തി മത്സരത്തിനിറങ്ങിയ എന്‍. പദ്മനാഭന്റെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു.
2017ല്‍ വീണ്ടും പി.എ.അബ്ദുല്‍ ഗഫൂറിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് പരാജയപ്പെടുത്താനും അദ്ദേഹം രംഗത്തുവന്നു. പുറത്താക്കിയ ശേഷം ഖേദപ്രകടനത്തോടെ അദ്ദേഹം നല്‍കിയ അപേക്ഷ മാനിച്ച് മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയനില്‍ തിരിച്ചെടുക്കുകയായിരുന്നു. തന്റെ കാലാവധി അവസാനിക്കാന്‍ ഇനി കുറച്ചു മാസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ തനിക്ക് സംഘടനയെ നയിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന് 2019 മേയ് ഒന്നിന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി. ആ അഭ്യര്‍ത്ഥന അംഗീകരിക്കണമെന്ന മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരുന്നു വോട്ടെടുപ്പിലേക്ക് പോകാതെ എന്‍. പദ്മനാഭന മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയെന്റ സെക്രട്ടറിയായി ഇക്കുറി തെരഞ്ഞെടുത്തത്.
എന്നാല്‍, KUWJ തെരഞ്ഞെടുപ്പ് വീണ്ടുമെത്തുമ്പോള്‍ സംഘടനാ മര്യാദകള്‍ പാലിക്കാന്‍ തനിക്ക് കഴിയില്ലെന്ന് പദ്മനാഭന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. തന്റെ സ്വതസിദ്ധമായ അധികാര മനോഭാവം വീണ്ടും അദ്ദേഹത്തില്‍ തലപൊക്കുകയാണ്. തൊഴില്‍ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാകുന്ന ഈ കാലത്ത് സ്വന്തത്തില്‍ മാത്രം അഭിരമിച്ച് സഹജീവികള്‍ക്കിടയില്‍ വിഭജനത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് സംസ്ഥാന നേതൃത്വം ശുദ്ധവും കെട്ടുറപ്പുമായി കൊണ്ടുപോകാന്‍ കഴിയുക എന്ന് പ്രിയപ്പെട്ടവരേ നിങ്ങള്‍ ചിന്തിക്കുക… സ്വന്തം സെല്ലിനെപ്പോലും പിന്നില്‍ നിന്നു കുത്തിയ ഒരാളാണ് ഇപ്പോള്‍ സംഘടയുടെ കെട്ടുറപ്പിനെ കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നതെന്ന വൈരുധ്യം കാണാതിരിക്കരുത്.
ഉത്തമനായ ഒരു ട്രേഡ് യൂണിയനിസ്റ്റായിരുന്നുവെങ്കില്‍ തന്റെ സര്‍വീസ് കാലാവധി അവസാനിക്കാന്‍ വെറും അഞ്ച് മാസം മാത്രം ശേഷിക്കെ കടിഞ്ഞാണ്‍ പിന്‍തലമുറയെ എല്‍പ്പിച്ച് അവര്‍ക്ക് കരുത്തുപകരുകയായിരുന്നു എന്‍. പദ്മനാഭന്‍ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം, വീണ്ടും അധികാരത്തിലേക്ക് ആക്രാന്തപ്പെടുകയാണ് അദ്ദഹം ചെയ്യുന്നത്.
എങ്ങനെയാണ് എന്‍. പദ്മനാഭന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായി വരുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ ഇനിയും പത്രപ്രവര്‍ത്തകരായി കാലം കഴിക്കാനുള്ള തലമുറയോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നുറപ്പാണ്. ഒരു വ്യക്തിയുടെ വ്യാമോഹങ്ങളല്ല, പത്രപ്രവര്‍ത്തക സമൂഹത്തിന്റെ ജനാധിപത്യബോധവും മൂല്യങ്ങളുമാണ് വിജയിക്കേണ്ടത്. അതിനുതകുന്നതായിരിക്കെട്ട ഓരോ പത്രപ്രവര്‍ത്തകന്റെയും മനസ്സാക്ഷിയുടെ അംഗീകാരം.
സ്‌നേഹാദരങ്ങളോടെ
എന്‍. രാജേഷ്
പ്രസിഡന്റ്,
മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍
ഹാഷിം എളമരം
സെക്രട്ടറി ഇന്‍ ചാര്‍ജ്
മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍
WATCH THIS VIDEO: