ന്യൂദല്‍ഹി: ഹാത്രാസില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി ഇന്ത്യന്‍ പൗരന്റെ ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് പ്രസിഡന്റ് മിജി ജോസ്. സംഭവവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് മിജി ജോസ് യു.പി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
‘മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണിത്. ഇന്ത്യന്‍ പൗരന്റെ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരെയുള്ള ആക്രമണം എന്ന രീതിയില്‍ തന്നെയാണ് ഈ സംഭവത്തെ കാണാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കെ.യു.ഡബ്ല്യു.ജെയുടെ തീരുമാനം.’ മിജി ജോസ് പറഞ്ഞു.
സിദ്ദീഖ് കാപ്പനായി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി സുപ്രീം കോടതി പരിഗണനിയിലിരിക്കെയാണ് രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയതെന്നും മിജി ജോസ് ചൂണ്ടിക്കാണിച്ചു. കേസ് സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും മിജി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒക്ടോബര്‍ 5ാം തിയതി വൈകുന്നേരത്തോട് കൂടിയാണ് അറിയുന്നത്. ആ സമയത്ത് തന്നെ എല്ലാവരെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഒരു വിവരവും ലഭിച്ചില്ല. രണ്ട് മണിയോട് കൂടിയാണ് മഥുര പൊലീസിന്റെ റിലീസ് ലഭിക്കുന്നത്. അപ്പോള്‍ തന്നെ നിയമനടപടിയിലേക്ക് കടന്നിരുന്നു.
ഔദ്യോഗികമായി പൊലീസില്‍ നിന്നും ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. സുപ്രീം കോടതിയില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടുണ്ട്. എത്രയും വേഗം തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇങ്ങനെ വിഷയം സുപ്രീം കോടതിയുടെ പരിഗണനിയിലിരിക്കുന്ന സമയത്താണ് ആദ്യം സെക്ഷന്‍ 151യിലെ കരുതല്‍ നിയമവും പിന്നീട് രാജ്യദ്രോഹവും യു.എ.പി.എയും ചുമത്തിയത്.’ മിജി പറഞ്ഞു.
ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യു.പി പൊലീസ് ഒക്ടോബര്‍ ആറിന് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.
അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രീംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ. വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയും രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ കേരള, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരോടും ഡി.ജി.പി മാരോടും ആവശ്യപ്പെടുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും സെക്രട്ടറി അബ്ദുള്‍ മുജീബും പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നതിന് പിന്നാലെയായിരുന്നു സിദ്ദീക് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പൊലീസ് നടപടിയുണ്ടായത്.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും ‘കൊവിഡ് വ്യാപന’ത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: KUWJ Delhi President Miji Jose reacts to Malayalee journalist Siddique Kappan slapped with sedition charge, calls it is against democratic rights