മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിനെ വിമര്‍ശിച്ച് കെ.യു.ഡബ്ല്യു.ജെ; മാധ്യമ വേട്ട അംഗീകരിക്കാനാവില്ലെന്ന് കോം ഇന്ത്യ
Kerala News
മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിനെ വിമര്‍ശിച്ച് കെ.യു.ഡബ്ല്യു.ജെ; മാധ്യമ വേട്ട അംഗീകരിക്കാനാവില്ലെന്ന് കോം ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th July 2023, 6:02 pm

തിരുവനന്തപുരം: മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തുന്നതിനെ വിമര്‍ശിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ). പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയെ കിട്ടിയില്ലെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും പറഞ്ഞു.

ഷാജന്‍ സ്‌കറിയക്കെതിരായ കേസിന്റെ പേരില്‍ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ അടക്കം റെയ്ഡ് നടത്തുന്നുണ്ട്. പല മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുത്തെന്നും ഇത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും യൂണിയന്‍ പറഞ്ഞു.

മറുനാടന്‍ മലയാളിക്കും ഷാജന്‍ സ്‌കറിയക്കുമെതിരെയുള്ള കേസില്‍ വ്യക്തമായ അന്വേഷണം വേണമെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുകയും വേണമെന്നും യൂണിയന്‍ അറിയിച്ചു. എന്നാല്‍ ഉടമക്കെതിരായ കേസില്‍ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.

ഷാജന്‍ സ്‌കറിയയെ കിട്ടിയില്ലെങ്കില്‍ തൊഴിലാളികളെ ഒന്നാകെ കേസില്‍ കുടുക്കുമെന്ന ഭീഷണി പൊലീസിന്റെ അന്തസ് കെടുത്തുന്നതാണെന്നും പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു. മറുനാടന്‍ മലയാളിയുടെ മാധ്യമ പ്രവര്‍ത്തന രീതിയോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.

അതേസമയം, ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ ഓഫീസ് റെയ്ഡെന്ന പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് നടത്തിയത് മാധ്യമ വേട്ടയാടലാണെന്ന് ഓണ്‍ലൈന്‍ മാധ്യമ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസ്താവനയില്‍ ആരോപിച്ചു.

മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും കോം ഇന്ത്യ കത്ത് നല്‍കും. സര്‍ക്കാരും പൊലീസും തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. പത്രാധിപര്‍ കേസിലുള്‍പ്പെട്ടു എന്നതിന്റെ പേരില്‍ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

മറുനാടന്‍ മലയാളി ജീവനക്കാരുടെ വീട്ടില്‍ അര്‍ധരാത്രി പോലും പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും മാധ്യമ പ്രവര്‍ത്തകരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല. മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ സ്തംഭിപ്പിക്കുന്ന വിധം പോലീസ് പെരുമാറുന്നത് അംഗീകരിക്കാനാവില്ല.

നിയമപരമായ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം പൊലീസിന്റെ നിയമവിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും അടിയന്തരമായി ഇടപെടണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണമെന്ന നിലപാട് തന്നെയാണ് കോം ഇന്ത്യക്കുള്ളത്.

ഇത്തരം ഇടപെടല്‍ നടത്താന്‍ രാജ്യത്ത് നിയമസംവിധാനങ്ങളും നിലവിലുണ്ട്. എന്നാല്‍ പൊലീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വേട്ടയാടി മൗലിക അവകാശങ്ങളെ അടിച്ചോടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതരുതെന്നും കോം ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും ഇന്നലെയാണ് റെയ്ഡ് നടത്തിയത്. എറണാകുളത്തേയും തിരുവനന്തപുരത്തേയും ഓഫീസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജീവനക്കാരുടെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിക്കുന്നുണ്ട്.

Content Highlights: kuwj criticize police actions in shajan skariah missing case