തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി. ജോണിനെ പൊലീസ് ചോദ്യംചെയ്ത സംഭവത്തെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമസ്വാതന്ത്യം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. കേസ് പിൻവലിക്കണമെന്നും കെ.യു.ഡബ്ല്യു.ജെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സി.പി.ഐ.എം രാജ്യസഭാ എം.പിയും സി.ഐ.ടി.യു നേതാവുമായ എളമരം കരീമിന്റെ പരാതിയിലായിരുന്നു മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെതിരെ പൊലീസ് കേസെടുത്തത്. 2022ൽ നടന്ന ചാനൽ ചർച്ചയിൽ വിനു വി. ജോൺ എളമരം കരീമിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്.
2022 മാർച്ച് 22 ന് ട്രേഡ് യൂണിയൻ നടത്തിയ പണിമുടക്കിൽ നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട നടന്ന ചാനൽ ചർച്ചയിലായിരുന്നു എളമരം കരീമിനെതിരെ വിനു വിമർശനം ഉന്നയിച്ചത്. നുള്ളിയതും പിച്ചിയതുമെല്ലാം വാർത്തയാക്കുന്നു എന്നായിരുന്നു വിഷയത്തോട് അന്ന് എളമരം കരീം പ്രതികരിച്ചത്.
വിനു വി. ജോണിന്റെ പരാമർശം എളമരം കരീമിനും കുടുംബത്തിനും നേരെ ആക്രമണം നടത്താനുള്ള പ്രേരണയുണ്ടാക്കുന്നതാണ് എന്നായിരുന്നു പൊലീസ് എഫ്.ഐ.ആറിൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തിൽ വിനു വി. ജോൺ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി.
അതേസമയം വിനു വി. ജോണിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ലെന്നും പാസ്പോർട്ട് പുതുക്കാനെത്തിയപ്പോഴാണ് കേസിനെ കുറിച്ച് അറിയുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിനു വി. ജോണിനുണ്ടാകുന്നത് സ്വദേശാഭിമാനിക്കുണ്ടായ സമാന അനുഭവമാണ് എന്നായിരുന്നു പ്രിതപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മാധ്യമപ്രവർത്തകരെ ഭയപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിനു വി. ജോണിനെതിരെയുള്ള വേട്ടയാടൽ ശ്രമം. ഭയപ്പെടുത്തി നിശബ്ദനാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: KUWJ condemns case against journalist vinu v john