ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകനെ യു. പി പൊലീസ് അറസ്റ്റ് ചെയ്ത് നടപടി അപലപനീയമെന്ന് കെ.യു.ഡബ്ല്യു.ജെ
Kerala News
ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകനെ യു. പി പൊലീസ് അറസ്റ്റ് ചെയ്ത് നടപടി അപലപനീയമെന്ന് കെ.യു.ഡബ്ല്യു.ജെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th October 2020, 4:35 pm

തിരുവനന്തപുരം: ഹാത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന മാധ്യപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

രാജ്യത്തെ നടുക്കിയ ദളിത് പീഡനത്തില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ അടക്കം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിവേരറുക്കുന്ന ചെയ്തിയാണിതെന്നും കെ.യു.ഡബ്ല്യു.ജെ അഭിപ്രായപ്പെട്ടു.

വ്യാജ തെളിവുകള്‍ ചമച്ച് രാജ്യദ്രോഹ, തീവ്രവാദ മുദ്രകുത്തി നിരപരാധികളെ തടങ്കലിലാക്കുന്ന കിരാത നടപടി ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാവുന്നതല്ല. മാധ്യമ പ്രവര്‍ത്തകനെ അന്യായ തടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ പ്രധാനമന്ത്രി അടക്കം വിഷയത്തില്‍ ഇടപെടണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. പി റെജിയും ജനറല്‍ സെക്രട്ടറി ഇ. എസ് സുഭാഷും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാവിലെയാണ് ദളിത് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാത്രാസിലെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാരോപിച്ചാണ് അറസ്റ്റ്. കേരള- യു.പി മുഖ്യമന്ത്രിമാര്‍ക്കും ഡി.ജി.പിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഹാത്രാസില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കടത്തി വിടുന്നത് വിലക്കിയിരുന്നു. പിന്നീട് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് സംഭവസ്ഥലത്തേക്ക് കടത്തി വിട്ടത്.

അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു. പി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. അതേസമയം ഹാത്രാസില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണെന്നാരോപിച്ച് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ഉള്‍പ്പെടുത്തിയാണ് കേസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KUWJ condemn the arrest of Malayali journalist by U.P police