| Wednesday, 30th October 2024, 1:16 pm

'തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിട്ടിട്ടില്ല'; സുരേഷ് ഗോപിക്കെതിരെ കെ.യു.ഡബ്ല്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി കെ.യു.ഡബ്ല്യു.ജെ (കേരള പത്രപ്രവര്‍ത്തക യൂണിയന്‍). മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

മുനമ്പം സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് കെ.യു.ഡബ്ല്യു.ജെയുടെ പ്രതികരണം.

കടുത്ത അവജ്ഞയും ധിക്കാരവുമാണ് കേന്ദ്രമന്ത്രിയുടെ ശരീരഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നതെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. ചോദ്യം ചോദിക്കുന്നവരോട് ‘മൂവ് ഔട്ട്’ എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്നും കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.

‘തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമസമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ്.

ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും സുരേഷ് ഗോപി ചോദിച്ചു മനസിലാക്കണം,’ എന്നും കെ.യു.ഡബ്ല്യു.ജെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

സാംസ്‌കാരിക കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സമീപനം തിരുത്താന്‍ സുരേഷ് ഗോപിയും തയ്യാറാകണം. അതിന് തയ്യാറല്ലെങ്കില്‍ തിരുത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പി. റജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവരാണ് സുരേഷ് ഗോപിക്കെതിരെ ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.

തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നാണ് സുരേഷ് ഗോപി മുനമ്പത്ത് പറഞ്ഞത്. മാധ്യമങ്ങളുടെ നിലപാടിനെ കുറിച്ച് താന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. കോടികണക്കിന് രൂപ മുടക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് മാധ്യമങ്ങളെന്നും അത് തിരിച്ചുപിടിക്കാന്‍ മാധ്യമങ്ങള്‍ എന്തും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlight: KUWJ against Suresh Gopi

We use cookies to give you the best possible experience. Learn more