| Tuesday, 23rd February 2021, 3:23 pm

'മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ഐ.എ.എസുകാരനെതിരെ നടപടി വേണം'; കെ.യു.ഡബ്ല്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സാമൂഹിക മാധ്യമത്തിലൂടെ അപമര്യാദയായി പെരുമാറുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യാഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി ആക്ഷേപിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ.യു.ഡബ്ല്യു.ജെ അധികൃതര്‍ അഭിപ്രായപ്പെട്ടു.

താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല.

പ്രശാന്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണു നടത്തിയിരിക്കുന്നത്. വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്.

ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

വാട്സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണരൂപം മാതൃഭൂമി പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പ്രശാന്തിനെ ന്യായീകരിച്ച് ഭാര്യ ലക്ഷ്മി രംഗത്തെത്തിയത്.

പെഴ്സണല്‍ വാട്ട്സാപ്പ് വഴി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരം കൊടുത്തില്ലെങ്കില്‍ അപമാനിച്ച് വാര്‍ത്ത കൊടുക്കാനും ഇത് വെള്ളരിക്കാ പട്ടണമല്ലെന്നാണ് ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KUWJ against N Prashanth sexual content message sent to journalist

We use cookies to give you the best possible experience. Learn more