| Monday, 3rd December 2018, 11:40 am

മാധ്യമവിലക്ക്; സര്‍ക്കുലര്‍ ഭേദഗതി ചെയ്തതുകൊണ്ട് കാര്യമില്ല; പിന്‍വലിക്കുകയാണ് വേണ്ടത്: കെ.യു.ഡബ്ല്യു.ജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമവിലക്ക് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലറില്‍ ഭേദഗതിയല്ല, 90 ശതമാനവും മാധ്യമ സ്വാതന്ത്ര്യവിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കുവാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍.

സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടി യഥാര്‍ഥ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയോ അവ ഇല്ലാതാക്കുമെന്ന് പറയുകയോ ചെയ്യുന്നില്ല. മാത്രമല്ല പി.ആര്‍.ഡി. യെ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചനയാണുള്ളത്.


മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസ്; കെ. സുരേന്ദ്രനെതിരെ പി.ബി അബ്ദുള്‍ റസാഖിന്റെ മകന്‍ കക്ഷിചേരും


ഇത് ഫലത്തില്‍ വിവാദസര്‍ക്കുലറിന്റെ പ്രധാന ഉള്ളടക്കം മാറ്റമില്ലാതെ തുടരും എന്ന സംശയം ഉയര്‍ത്തുന്നതാണ്. ഈ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കുകയും യുക്തമായ കൂടിയാലോചനയിലൂടെ എല്ലാവര്‍ക്കും യോജ്യമായ രീതിയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നയം രൂപപ്പെടുത്തുകയും വേണമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂരും ജനറല്‍ സെക്രട്ടറി സി.നാരായണനും പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ തന്നെ മതിയായ നിയന്ത്രണം മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ ഉണ്ട്. ഇതില്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയാല്‍ പിന്നെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം എന്നൊന്ന് ഇല്ലാതാകും. അതിനാല്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുന്ന തീരുമാനം മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നെന്നും ഇവര്‍ പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ച് നാളെ രാവിലെ കെ.യു.ഡബ്ല്യു.ജെയുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.

മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഉത്തരവിനെ കുറിച്ച് ചിലര്‍ ആശങ്ക പ്രകടിപ്പിച്ച ചസാഹചര്യത്തിലാണ് ഇതെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല ഉത്തരവ് മറിച്ച് കൂടുതല്‍ സൗകര്യം ഒരുക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെ.സി ജോസഫ് എം.എല്‍.എയുടെ സബ്മിഷനായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

We use cookies to give you the best possible experience. Learn more