കോട്ടയം: പത്രപ്രവര്‍ത്തക യൂണിയനെതിരെ മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലെ സബ് എഡിറ്ററും പ്രശസ്ത ബ്ലോഗറുമായ ബെര്‍ളി തോമസ് രംഗത്ത്. കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) പ്രവര്‍ത്തിക്കുന്നത് പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനും താല്‍പര്യത്തിനുമെതിരായാണെന്ന് “ബര്‍ളിത്തരങ്ങള്‍” എന്ന തന്റെ ബ്ലോഗിലൂടെ ബെര്‍ളി തോമസ് പറയുന്നു. ഈ ലേഖനം വന്നതോടെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന് പറഞ്ഞ് ബെര്‍ളി തോമസിനെതിരെ നടപടിക്കൊരുങ്ങുകയാണ് കെ.യു.ഡബ്ല്യു.ജെ.
ജനുവരി 10ന് പോസ്റ്റ് ചെയ്ത “ഇതു നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല” എന്ന ലേഖനത്തില്‍, യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ മോഷണം പോയതും കള്ള വോട്ടിന് ശ്രമം നടന്നതായും പറയുന്നു. പത്രമുതലാളിമാരുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങി യൂണിയന്‍ അംഗങ്ങളെ ഒറ്റുകൊടുക്കുകയാണ് ഭാരവാഹികള്‍ എന്ന് ബെര്‍ളി തോമസ് ആരോപിക്കുന്നു. ഇത്തരമൊരു സംഘടനയില്‍ അംഗമായതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് തന്നെ പുറത്താക്കണമെന്നും ബെര്‍ളി തോമസ് ലേഖനത്തിന്റെ അവസാനത്തില്‍ പരിഹസിക്കുന്നുണ്ട്.
അതേസമയം, ബെര്‍ളി തോമസിനെ യൂണിയനില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെയും ചില വാര്‍ത്ത വെബ്‌സൈറ്റുകളിലൂടെയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും വിശദീകരണം നല്‍കാന്‍ മാത്രമേ തീരുമാനമെടുത്തിട്ടുള്ളൂവെന്നും കെ.യു.ഡബ്ലു.ജെ സംസ്ഥാന കമ്മറ്റിയംഗം കമാല്‍ വരദൂര്‍ പറഞ്ഞു. തുടര്‍ച്ചയായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നതിനാല്‍ ബെര്‍ളി വിശദീകരണം നല്‍കണം എന്ന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്.
ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിലെ വിവാദമായ പോസ്റ്റ് താഴെ കൊടുക്കുന്നു:
ഇതു നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല
കേരള പത്രപ്രവര്‍ത്തക യൂണിയനെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം ആദ്യമേ മനസ്സില്‍ വയ്!ക്കണം. ഇത് നമ്മളുദ്ദേശിക്കുന്നതുപോലൊരു സംഘടനയല്ല. പത്രപ്രവര്‍ത്തകരുടെ ക്ഷേമവും മറ്റും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് സംഘടന നിലനില്‍ക്കുന്നതെന്നാണ് സങ്കല്‍പം. എന്നാല്‍, നിലവില്‍ സംഘടനാ നേതൃത്വം കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനും തതാല്‍പര്യതത്തിനുമെതിരായി പ്രവര്‍ത്തിക്കുന്നു എന്നാണ് പത്രക്കാര്‍ തന്നെ ആരോപിക്കുന്നത്.ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ എന്തെങ്കിലും നടക്കും എന്നാണ് തോന്നുന്നത്.
സംഘടനയില്‍ നിന്നുള്ള നാറുന്ന കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേറെ ആരുമില്ലാത്തതുകൊണ്ട് പത്രക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവന്മാര്‍ എന്നൊരു ധാരണ സാധാരണ ജജനനത്തിനുണ്ടായിട്ടുണ്ട്. സത്യം അങ്ങനെയാണെന്നു തോന്നുന്നില്ല. പത്രപ്രവര്‍ത്തക യൂണിയനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനു മുമ്പ് വോട്ടുകള്‍ ഏതോ പ്രബുദ്ധ പ്രവര്‍ത്തകന്‍ മോഷ്ടിച്ചതും തിരഞ്ഞെടുപ്പ് അസാധുവായതിനെത്തുടര്‍ന്നു വീണ്ടും വോട്ടെടുപ്പു നടത്തിയപ്പോള്‍ മറ്റൊരു പ്രബുദ്ധ പത്രപ്രവര്‍ത്തകന്‍ കള്ളവോട്ടു ചെയ്യാന്‍ ചെന്നതുമൊക്കെ ഒരുപാട് കാലം മുമ്പല്ല.
സംഘടന അടുത്ത കാലത്ത് ഏറ്റെടത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗൗരവമേറിയതും പപത്രപ്രവര്‍ത്തകരുടെ ക്ഷേമത്തെ നേരിട്ടു ബാധിക്കുന്നതുമായ വിഷയമായിരുന്നു പത്രപ്രവര്‍ത്തകരുടെ ശമ്പളപരിഷ്‌കരണം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയത്. രാജ്യത്തിന്റെ പ്രധാനതൂണുകളിലൊന്നായ മാധ്യമങ്ങള്‍ പക്ഷെ,അങ്ങനെ പത്രക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനൊക്കില്ല എന്ന ലൈനില്‍ നില്‍ക്കുകയാണ്. അതിനെതിരെ രംഗത്തിറങ്ങാനും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ജീവനക്കാര്‍ക്ക് നേടിക്കൊടുക്കാനും ആവശ്യമായ നിലപാടുകളെടുക്കാന്‍ യൂണിയന്‍ തയ്യാറാണെന്നു ഭാവിക്കുകയും അതേ സമയം,യൂണിയന്‍ ഭാരവാഹികള്‍ അഴകൊഴമ്പന്‍ നിലപാടുകളുമായി പത്രപ്രവര്‍ത്തകരുടെ കണ്ണില്‍പപ്പെടാതെ മുങ്ങിനടക്കുകയുമാണെന്ന് പത്രപ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു.എന്തിന്, പത്രമുതലാളിമാരരുടെ കയ്യില്‍ നിന്ന് കാശുവാങ്ങി യൂണിയന്‍ അംഗങ്ങളെ മുഴുവന്‍ ഒറ്റുകൊടുത്തിരിക്കുകയാണ് ഭാരവാഹികള്‍ എന്നു വരെ സാധാരണപത്രപ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.അതാണ് ഞാന്‍ പറഞ്ഞത്,ഇത് നിങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ള പോലെയുള്ള ഒരു യൂണിയനല്ല എന്ന്.
വേജ് ബോര്‍ഡ് പ്രശ്‌നത്തില്‍ യൂണിയന്‍ അംഗങ്ങളുടെ താല്‍പര്യത്തിനു വിരുദ്ധമാണ് യൂണിയന്‍ ഭാരവാഹികളുടെ നിലപാടെന്നു പത്രപ്രവര്‍ത്തകര്‍ക്കു തോന്നിത്തുടങ്ങിയത് കോഴിക്കോട്ട് നടന്ന സംസ്ഥാനനേതൃയോഗത്തില്‍ വേജ് ബോര്ഡിനെപ്പറ്റി ഒരക്ഷരം പറയാതെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം എന്ന് പ്രസ്താവന ഇറക്കിയപ്പോഴാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംയമനം പാലിക്കാം പക്ഷെ,വേജ് ബോര്‍ഡ് നടപ്പാക്കണമെന്നു കൂടി ആവശ്യപ്പെട്ടുകൂടെ എന്ന് ആരോ ആവശ്യപ്പെട്ടപ്പോള്‍ ഇത് ഒരു ട്രേഡ് യൂണിയനല്ല എന്നും ഭാരവാഹികള് യോഗത്തില്‍ പ്രഖ്യാപിച്ചതത്രേ.ഭാരവാഹികള്‍ പത്രപ്രവര്‍ത്തകരെ മുതലാളിമാര്‍ക്കു വിറ്റു കാശാക്കുകയാണെന്ന ആരോപണം അതോടെ ശക്തമായി.
തുടര്‍ന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ഇക്കാര്യമെല്ലാം കാണിച്ച് സംസ്ഥാന കമ്മിറ്റിക്ക് കത്തെഴുതി.ഈ കത്ത് ചോര്‍ന്നുപോവുകയോ മറ്റോ ചെയ്തതോടെ സംസ്ഥാനകമ്മിറ്റി രരഹസ്യയോഗം കൂടി ഈ കത്തെഴുതിയ പത്രപ്രവര്‍ത്തകനെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നതാണ് പുതിയ സ്‌കൂപ്പ്.പത്രപ്രവര്‍ത്തകരുടെ പൊതുവികാരം പ്രകടിപ്പിച്ച പത്രപ്രവര്‍ത്തകനെ സംസ്ഥാനകമ്മിറ്റി പുറത്താക്കിയാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ കൂട്ടരാജിയും തുടര്‍ന്ന് കൂട്ടയടിയും നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
ഇങ്ങനെ നാറിയ ഒരു സംഘടനയില്‍ അംഗമായിരിക്കേണ്ടി വരുന്നതില്‍ ആത്മാര്‍ഥമായി ഞാന്‍ ലജ്ജിക്കുന്നു. സംഘടനയുടെ അച്ചടക്കത്തെപ്പറ്റി വ്യാകുലരായ അതിന്റെ ഉത്തമന്മാരായ ഭാരവാഹികള്‍ ദയവുണ്ടായി എന്നെ സംഘടനാവിരുദ്ധപ്രവര്‍ത്തനത്തിനു പുറത്താക്കണമെന്ന് അപേക്ഷിക്കുന്നു.