| Friday, 18th February 2022, 11:36 pm

ഇന്ത്യയില്‍ നിന്നുള്ള ബി.ജെ.പി അംഗങ്ങളെ വിലക്കണമെന്ന ആവശ്യവുമായി കുവൈത്ത് എം.പിമാര്‍; ആഭ്യന്തര പ്രവൃത്തികള്‍ക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ടാകുന്നുവെന്ന് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള ബി.ജെ.പിയുടെ അംഗങ്ങള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുകയാണെന്ന് ആരോപിച്ച എം.പിമാര്‍ ഇത് അവസാനിക്കുന്നത് വരെ പ്രവേശന വിലക്ക് തുടരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സാലിഹ് അല്‍ ദിയാബ് ഷലാഹി എം.പിയുടെ നേതൃത്വത്തിലുള്ള 12 എം.പിമാര്‍ സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനമിനു കത്ത് നല്‍കി. ഇന്ത്യയാകെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.പിമാര്‍ കുവൈറ്റ് പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എം.പിമാരുടെ ആവശ്യം.

മുഹന്നദ് അല്‍ സായര്‍, ഒസാമ അല്‍ ഷാഹീന്‍, മുബാറക് ഹജറഫ്, മര്‍സ്സൂഖ് അല്‍ ഖലീഫ, ഒസാമ അല്‍ മുനവര്‍ തുടങ്ങി പതിനൊന്ന് എം.പി.മാരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

അതേസമയം, ഇതുസംബന്ധിച്ച് ഒരു ട്വീറ്റ് ശശി തരൂര്‍ എം.പി പങ്കുവെച്ചിട്ടുണ്ട്. ‘മജ്ബല്‍ അല്‍ ശരീക’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്.

മുസ്‌ലിം പെണ്‍കുട്ടികളെ പൊതുസ്ഥലത്ത് അവഹേളിക്കുന്നത് വെറുതെ ഇരുന്ന് നോക്കി കാണാനാകില്ലെന്നും ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്.

‘ആഭ്യന്തര പ്രവൃത്തികള്‍ക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗള്‍ഫ് മേഖലയില്‍ ഉടനീളം ഞെട്ടലുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളില്‍ നിന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. ‘ഇന്ത്യയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങള്‍ക്ക് ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്’ എന്നാണവര്‍ പറയുന്നത്.’ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇതിനെതിരെ കുവൈത്തിലെ ഇന്ത്യന്‍ എംബസി തരൂരിനെ വിമര്‍ശിച്ചു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാവിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റ് ശശി തരൂര്‍ പങ്കുവെച്ചെന്ന് ആരോപിച്ചാണ് എംബസിയുടെ വിമര്‍ശനം.

‘ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ആരാധ്യനായ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം റീട്വീറ്റ് ചെയ്ത് കാണുന്നത് സങ്കടകരമാണ്. ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്,’ കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.

CONTENT HIGHLIGHTS:  Kuwaiti lawmakers propose banning BJP members from country

We use cookies to give you the best possible experience. Learn more