കുവൈറ്റ് സിറ്റി: കുവൈറ്റ് കെ.എം.സി.സി യോഗത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെനും സംഘത്തിനും നേരെയുണ്ടായ കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാനൊരുങ്ങി സംഘടന. മുതിർന്ന നേതാക്കൾ തന്നെ ചേരി തിരിഞ്ഞ് കയ്യാങ്കളിക്ക് നേതൃത്വം നൽകിയതിനാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് നേരെയായിരുന്നു ആക്രമണം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ പി.എം.എ സലാം ഉദ്ഘാടനം ചെയ്യവെയാണ് കയ്യേറ്റം ഉണ്ടായത്.
കുവൈറ്റ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണെത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പരിപാടിയിലേക്ക് അതിക്രമിച്ച് കടക്കുകയും നേതാക്കളെ ആക്രമിക്കുകയായിരുന്നു.
പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, ആബിദ് ഹുസ്സൈൻ തങ്ങൾ തുടങ്ങിയ നേതാക്കളാണ് ആക്രമണത്തിന് ഇരയായത്. കൗൺസിലിലില്ലാത്ത അംഗങ്ങൾ പുറത്തു പോകണമെന്ന് പി.എം.എ സലാം അഭ്യർത്ഥിച്ചെങ്കിലും പ്രവർത്തകർ അത് ചെവികൊണ്ടില്ല. തുടർന്ന് തെരഞ്ഞെടുപ്പ് നടത്താനാകാതെ നേതാക്കൾക്ക് തിരിച്ച് പോകേണ്ടി വന്നു.
നേരത്തെ തങ്ങൾ ഉയർത്തിയ പരാതികൾ പരിഹരിച്ചില്ലെന്നും, തർക്കങ്ങൾ പരിഹരിക്കാതെയാണ് ജില്ലാ കമ്മിറ്റി യോഗം നടത്തിയതെന്നും ജനറൽ സെക്രട്ടറി വിഭാഗം ആരോപിച്ചു.
സംഘർഷത്തിനിടെ ചില പ്രവർത്തകർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് കുവൈറ്റ് കെ.എം.സി.സിയുടെ ചുമതലയുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി പ്രശ്ന പരിഹാരത്തിനായി കുവൈറ്റിലെത്തിയിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല.
കുവൈറ്റ് കെ.എം.സി.സി പ്രസിഡന്റ്, ജനറൽ സെക്രട്ടറി വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നേരത്തെ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താർ വിരുന്നിലും ഇത്തരത്തിൽ വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു.
Content Highlight: Kuwait KMCC issue