കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ആംബുലന്‍സ് വിഭാഗത്തില്‍ 33 നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായി. ഇവരില്‍ മുപ്പതോളം പേര്‍ മലയാളികളാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് ജോലി നഷ്ടമായത്.
അഞ്ചു വര്‍ഷത്തേക്കു നിയമനം ലഭിക്കുമെന്നു നാട്ടിലെ ഏജന്റിന്റെ വാക്കു വിശ്വസിച്ച് ആറും ഏഴും ലക്ഷം നല്‍കി കുവൈത്തിലെത്തി ജോലിയില്‍ പ്രവേശിച്ചവരാണ് ഒരു വര്‍ഷം പൂര്‍ത്തിയായ ഉടനെ പിരിച്ചുവിടപ്പെട്ടത്. നാട്ടിലെ ബാധ്യത തീര്‍ക്കാന്‍ കുവൈത്തിലെ ബാങ്കില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവു പൂര്‍ത്തിയാകും മുന്‍പാണ് പിരിച്ചുവിടല്‍.
ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ നാട്ടിലേക്കു തിരിച്ചുപോകണമെങ്കില്‍ ബാങ്കുമായുള്ള ബാധ്യത തീര്‍ക്കേണ്ടതുണ്ട്. ഇതിനു സാധിക്കാത്തവരാണ് ഏറെയും.
ഇതേസമയം, നിയമപ്രകാരമുള്ള രേഖകളും വ്യവസ്ഥകളും പൂര്‍ത്തീകരിച്ചാണ് നടപടി എന്നതിനാല്‍ മന്ത്രാലയത്തെ കുറ്റപ്പെടുത്താനുമാവില്ല. മന്ത്രാലയം കരാര്‍ നല്‍കിയ കുവൈത്തിലെ ഏജന്‍സിയും ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പകരം നാട്ടിലെ ഏജന്റുമാരെ വിശ്വസിച്ചതാണ് ഇവര്‍ക്കു വിനയായത്.
മന്ത്രാലയത്തിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ഇന്ത്യയില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമാക്കിയെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്‌മെന്റ് നിലനില്‍ക്കുന്നുണ്ട്. ഇതു നിര്‍ത്തലാക്കി നേരിട്ടുള്ള നിയമനത്തിനു നടപടി സ്വീകരിക്കണമെന്നു കുവൈത്ത് ഇന്ത്യന്‍ എമര്‍ജന്‍സി നഴ്‌സസ് കള്‍ചറല്‍ അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.