കുവൈത്ത് തീപിടിത്തം; ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതില്‍ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി
Kerala News
കുവൈത്ത് തീപിടിത്തം; ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതില്‍ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 11:35 am

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കേന്ദ്രം കുവൈത്തിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയെ കടുത്ത പ്രതിഷേധം അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കത്തില്‍ പറഞ്ഞു.

‘ദുരന്ത മുഖത്ത് സര്‍ക്കാര്‍ പ്രതിനിധിയെ അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടായെടുത്ത തീരുമാനമാണ്. സംസ്ഥാന സര്‍ക്കാരിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമായ ഒരു സമയമായിരുന്നു അത്. അതുകൊണ്ടാണ് പ്രതിനിധിയെ അയക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചത്. എന്നാല്‍ മന്ത്രിക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് അനുവദിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കാതെയാണ്,’ കത്തില്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദുരന്ത സമയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസത്തോടെയല്ല തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെയും മുഖ്യമന്ത്രി കേന്ദ്ര നടപടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഔചിത്യമില്ലായ്മയാണെന്നാണ് ലോക കേരളസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. സാന്നിധ്യം അറിയിക്കുന്നതും ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടം സന്ദര്‍ശിക്കുന്നതാണ് നാടിന്റെ സംസ്‌കാരം. ഞങ്ങള്‍ എല്ലാം ചെയ്തു പിന്നെന്തിനാണ് നിങ്ങള്‍ പോകുന്നതെന്ന് ചിലര്‍ ചോദിച്ചു. സാന്നിധ്യമറിയിക്കുന്നതും, ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദയാണ്. സംസ്ഥാനത്തിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം ഔചിത്യമില്ലായ്മയാണ്. മരിച്ച വീട്ടില്‍ പോകുന്നത് ആശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മന്ത്രിയുടെ യാത്രാ അനുമതി നിഷേധിക്കുകയാണ് ചെയ്തത്,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Kuwait fire; Chief Minister Pinarayi Vijayan sent letter to the Prime Minister