| Wednesday, 10th March 2021, 10:15 pm

'പി.മോഹനാ ഓര്‍ത്തോളൂ, ഓര്‍ത്തുകളിച്ചോ ലതിക പെണ്ണേ'; കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ പി. മോഹനനും കെ.കെ ലതികയ്ക്കുമെതിരെ മുദ്രാവാക്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുറ്റ്യാടിയിലെ സി.പി.ഐ.എം പ്രതിഷേധത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെയും ഭാര്യയും മുന്‍ എം.എല്‍.എയുമായ കെ.കെ ലതികയെയും പേരെടുത്ത് വിമര്‍ശിച്ച് മുദ്രാവാക്യം.

പി.മോഹനാ ഓര്‍ത്തോളൂ, ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍, മോനേം മക്കളും വിക്കൂലേ, ഓര്‍ത്തുകളിച്ചോ ലതിക പെണ്ണേ, പ്രസ്ഥാനത്തിന് നേരേ വന്നാല്‍, നോക്കി നില്‍ക്കാനാവില്ല, ഓര്‍ത്തുകളിച്ചോ തെമ്മാടി എന്നിങ്ങനെയാണ് മുദ്രാവാക്യം.

സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും കുറ്റ്യാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.


മണ്ഡലം വിട്ടുകൊടുക്കരുതെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത് സി.പി.ഐ.എമ്മില്‍ പതിവില്ലാത്ത കാഴ്ചയാണ്. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയിരിക്കുന്നത്.

അതേസമയം കുറ്റ്യാടിയില്‍ സി.പി.ഐ.എം വിമത സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകിട്ട് ഉണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കുറ്റ്യാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുക പോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kuttyadi Protest CPIM P Mohanan KK Lathika

We use cookies to give you the best possible experience. Learn more