| Thursday, 10th September 2020, 9:35 am

കുറ്റ്യാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി; മുതിര്‍ന്ന നേതാവിനും സഹോദരനും പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുറ്റ്യാടി വേളത്ത് മുസ്‌ലിം ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുതിര്‍ന്ന നേതാവുള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. മുതിര്‍ന്ന ലീഗ് നേതാവായ വലകെട്ടിലെ എ.ടി അഹമ്മദ് ഹാജി (55), സഹോദരന്‍ എ.ടി സലാം (40) എന്നിവരെ സാരമായ പരിക്കുകളോടെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 8.20ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹി എം.എ കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തില്‍ കാക്കുനിയിലെ നൂറോളം വരുന്ന യൂത്ത്ലീഗുകാര്‍ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി തന്നെയും അനുജന്‍ സലാമിനെയും മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ അഹമ്മദ് ഹാജി പറഞ്ഞു.

വേളം പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുള്ളക്കെതിരെ ലീഗില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. സംസ്ഥാന കമ്മറ്റി നിര്‍ദേശ പ്രകാരം അവധിയില്‍പോയ വി.കെ അബ്ദുള്ള കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തിയപ്പോള്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചുവെങ്കിലും ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പറയുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ വി.കെ അബ്ദുള്ള പഞ്ചായത്ത് ഓഫീസില്‍ പ്രവേശിക്കാവൂ എന്ന് ലീഗ് ജില്ലാ കമ്മറ്റി നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് ചര്‍ച്ചക്കായി ബുധനാഴ്ച വലകെട്ട് ലീഗ് ഓഫീസിലെത്തിയ അബ്ദുള്ള പക്ഷക്കാരനായ എം.എ കുഞ്ഞബ്ദുള്ളയെ പ്രവര്‍ത്തകര്‍ പുറത്താക്കിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

സംഘര്‍ഷത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kuttyadi Muslim League Clash

We use cookies to give you the best possible experience. Learn more